നാസി അധിനിവേശ കാലത്ത് പീഡിപ്പിക്കപ്പെട്ടവരുടെ സംരക്ഷണത്തിൽ കത്തോലിക്കാ സഭയുടെ പങ്ക്; സുപ്രധാന രേഖകൾ കണ്ടെത്തിയാതായി പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

നാസി അധിനിവേശ കാലത്ത് പീഡിപ്പിക്കപ്പെട്ടവരുടെ സംരക്ഷണത്തിൽ കത്തോലിക്കാ സഭയുടെ പങ്ക്; സുപ്രധാന രേഖകൾ കണ്ടെത്തിയാതായി പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

ജോസ് വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: റോമിലെ നാസി അധിനിവേശ കാലത്ത് കത്തോലിക്കാ സ്ഥാപനങ്ങളിൽ അഭയം പ്രാപിച്ച ആളുകളുടെ പേരുവിവരങ്ങൾ അടങ്ങിയ രേഖകൾ കണ്ടെത്തിയതായി പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് . യഹൂദരുടെ പേരുകളാണ് അവയിലധികവുമെന്ന് ബിബ്ലിക്കം എന്നുകൂടി അറിയപ്പെടുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവനയിൽ പറയുന്നു. 1940-കളിലെ നാസി പീഡനകാലത്ത് യഹൂദർക്ക് കത്തോലിക്കാ സഭ എങ്ങനെയാണ് സംരക്ഷണം നൽകിയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ കണ്ടെത്തലുകൾ.

രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരെ രക്ഷിക്കാർ വേണ്ടി സഭ നടത്തിയ ശ്രമങ്ങളെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കുന്നതിൽ ഇത് സുപ്രധാനമായ ഒരു വഴിത്തിരിവായി മാറും. ചരിത്രകാരന്മാരുടെ ഒരു സംഘം നടത്തിയ വിപുലമായ ഗവേഷണത്തിന്റെ ഭാഗമായാണ് ഇതുവരെ വെളിച്ചം കാണാത്ത രേഖകൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശേഖരത്തിൽ നിന്നും കണ്ടെത്താൻ സാധിച്ചത്.

പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും റോമിലെ യഹൂദ സമൂഹവും ജറുസലേമിലെ യാദ് വാഷെം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോളോകോസ്റ്റ് റിസർച്ചും സംയുക്തമായാണ് ഇതേക്കുറിച്ച് വിശദമായ പത്രക്കുറിപ്പ് പുറത്തിറക്കിയത്. സ്ത്രീകളുടെ 100 ഉം പുരുഷന്മാരുടെ 55 ഉം സന്യാസഭവനങ്ങളിൽ അഭയം തേടിയവരുടെ കൃത്യമായ എണ്ണവും പേരുവിവരങ്ങളുമാണ് കണ്ടെത്താനായത്.

പുതുതായി കണ്ടെത്തിയ രേഖകൾ പ്രകാരം ഈ ഭവനങ്ങൾ ആതിഥ്യമരുളിയ ആകെ 4300 വ്യക്തികളിൽ 3600 വ്യക്തികളുടെ പേരുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരിൽ 3200 പേർ യഹൂദരാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞെന്നും പ്രസ്താവനയിൽ പറയുന്നു. ഭീതിദമായ ആപത്ഘട്ടത്തിൽ യഹൂദരുടെ ജീവൻ സംരക്ഷിക്കുന്നതിൽ കത്തോലിക്കാ സ്ഥാപനങ്ങൾ വഹിച്ച പങ്കിനെക്കുറിച്ച് വസ്തുനിഷ്ഠമായ ധാരണ നൽകുന്നതാണ് പുതുതായി കണ്ടെത്തിയ ഈ വിവരശേഖരം.

റോമിലെ നാസി അധിനിവേശ കാലഘട്ടത്തിൽ അതായത്, 1943 സെപ്തംബർ മുതൽ 1944 ജൂണിൽ സഖ്യസേന നഗരത്തിന്റെ വിമോചനം സാധ്യമാക്കുംവരെ, യഹൂദ സമൂഹം കൊടിയ പീഡനങ്ങളാണ് സഹിച്ചത്.
ദൗർഭാഗ്യകരമെന്നു പറയട്ടെ, റോമിൽ അന്നുണ്ടായിരുന്ന 15,000 ത്തോളം യഹൂദരിൽ നൂറുകണക്കിന് കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ, ഏകദേശം 2,000 യഹൂദരാണ് ആ സമയത്ത് നാടുകടത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തത്.

റോമിലെ ജൂത സമൂഹത്തിന്റെ സാംസ്കാരിക വകുപ്പ് ഡയറക്ടർ ക്ലോഡിയോ പ്രോകാസിയ ഉൾപ്പെടെയുള്ള ചരിത്രകാരന്മാരുടെ സഹകരിച്ചുള്ള ശ്രമഫലമായിട്ടാണ് ഈ രേഖകൾ കണ്ടെത്താനായത്. പൊന്തിഫിക്കൽ ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷണൽ സയൻസസിലെ ഗ്രാസിയ ലോപാർകോ, ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ പോൾ ഒബെർഹോൾസർ, ജറുസലേമിലെ യാദ് വാഷെം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹോളോകോസ്റ്റ് റിസർച്ചിന്റെ ഡയറക്ടർ ഇയൽ നിദാം-ഓർവിറ്റോ തുടങ്ങിയവരാണ് ഗവേഷണത്തിൽ പങ്കാളികളായ മറ്റു പ്രമുഖ ചരിത്രകാരന്മാർ.

പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇൻസ്ബ്രൂക്ക് സർവകലാശാലയിലെയും ചരിത്രപണ്ഡിതനായ ഡൊമിനിക് മാർകലും പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റെക്ടറായ കനേഡിയൻ ജെസ്യൂട്ട് വൈദികൻ മൈക്കൽ കൊളാർസിക്കും ചേർന്നാണ് ഗവേഷണ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേതൃത്വം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26