ജോസ് വിൻ കാട്ടൂർ
വത്തിക്കാൻ സിറ്റി: റോമിലെ പാവപ്പെട്ടവർക്കായി സൗജന്യ ദന്ത പരിചരണത്തിന് സൗകര്യം ഒരുക്കി ജീവകാരുണ്യ ശുശ്രൂഷകൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഇതിനു വേണ്ടി, ജീവകാരുണ്യ ശുശ്രൂഷകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയും റോമിലെ യൂണികാമിലസ് യൂണിവേഴ്സിറ്റിയും 'ഔർ ലേഡി ഓഫ് ട്രസ്റ്റ്' ക്ലിനിക്കും തമ്മിൽ സെപ്റ്റംബർ ഏഴാം തിയതി ധാരണാപത്രത്തിൽ ഒപ്പുവച്ച് കരാറിൽ ഏർപ്പെട്ടു. നവംബർ 19 ന് ആചരിക്കുന്ന ദരിദ്രരുടെ ലോകദിനത്തോടനുബന്ധിച്ചുള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിന് പ്രതികരണമായാണ് വത്തിക്കാൻ ഈ നടപടി സ്വീകരിച്ചത്.
കരാർ പ്രകാരം, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് ദന്തപരിചരണത്തിനായി 'മദർ ഓഫ് മേഴ്സി' ക്ലിനിക്കിലെ ഔട്ട്പേഷ്യന്റ് വിഭാഗത്തെ സമീപിക്കാവുന്നതാണെന്ന് ഡിക്കാസ്റ്ററിയുടെ തലവനും മാർപാപ്പയുടെ ജീവകാരുണ്യ നിധിയുടെ അധികാരിയുമായ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി വത്തിക്കാൻ ന്യൂസിനോടു പറഞ്ഞു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ, റോമിലെ ആപ്പിയോ ലാറ്റിനോ പ്രദേശത്തുള്ള 'മഡോണ ദെല്ല ഫിദൂച്ചിയ' ആശുപത്രിയിൽ തുടർ ചികിത്സയും കരാർ വാഗ്ദാനം ചെയ്യുന്നു.
വത്തിക്കാനിലെ സാന്താ മാർത്ത ഡിസ്പെൻസറിയിൽ നിന്നും ഇതിനോടകം നൽകിവരുന്ന സൗജന്യ സേവനങ്ങളായ ഭക്ഷണ വിതരണത്തിനും വൈദ്യ സഹായത്തിനും പുറമേയാണ് ദന്ത പരിചരണവും ഈ മാസം മുതൽ ആരംഭിക്കുന്നത്.
പാവപ്പെട്ടവരോടുള്ള മാർപാപ്പയുടെ കരുതൽ
ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരം 2015 മുതലാണ് 'മദർ ഓഫ് മേഴ്സി' എന്ന സ്ഥാപനം ജീവകാരുണ്യ ശുശ്രൂഷകൾക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി നടത്തിവരുന്നത്. 60 ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റു സന്നദ്ധപ്രവർത്തകരുടെയും കൂട്ടായ പ്രയത്നത്തിലൂടെ, ഓരോ വർഷവും 6,000-ത്തിലധികം ആളുകളുടെ ആരോഗ്യപരിചരണം ഈ സ്ഥാപനത്തിലൂടെ സാധ്യമാക്കുന്നു.
നവംബർ 19 ന് ആചരിക്കുന്ന ദരിദ്രരുടെ ലോക ദിനത്തിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിനുള്ള പ്രതികരണമായാണ് ഈ സേവനങ്ങളെല്ലാം സൗജന്യമായി നൽകി വരുന്നത്. 'ദരിദ്രരിൽ നിന്നും മുഖം തിരിക്കരുത്' എന്നതാണ് ഈ വർഷത്തെ ലോക ദിനത്തിനു വേണ്ടിയുള്ള മാർപാപ്പയുടെ സന്ദേശത്തിന്റെ പ്രമേയം. ദരിദ്രരായ നമ്മുടെ സഹോദരീസഹോദരന്മാരോടുള്ള കരുതലിലൂടെയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലൂടെയും സുവിശേഷത്തിന്റെ യഥാർഥ മുഖം ലോകത്തിൽ വെളിപ്പെടുന്നുവെന്ന് പാപ്പ തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.