'ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ ചാണ്ടിയുടെ ഔദാര്യം: യുഡിഎഫിലേക്ക് മടങ്ങി വരാന്‍ അനുവദിക്കില്ല': ഷാഫി പറമ്പില്‍

'ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ ചാണ്ടിയുടെ ഔദാര്യം: യുഡിഎഫിലേക്ക് മടങ്ങി വരാന്‍ അനുവദിക്കില്ല': ഷാഫി പറമ്പില്‍

തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ പൊതുജീവിതം ഉമ്മന്‍ ചാണ്ടിയുടെ ഔദാര്യമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സോളാര്‍ കേസില്‍ ക്രൂരമായ രാഷ്ട്രീയ ഗൂഢാലോചന നടത്തിയ ഗണേഷ് കുമാറിന് യുഡിഎഫ് അഭയം നല്‍കില്ല.

പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് യുഡിഎഫിലേക്ക് പാലം പണിയാമെന്നാണ് ഗണേഷ് കരുതുന്നതെങ്കില്‍ ശക്തമായി ചെറുക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ പറയുന്നത്.

പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരി ജയിലില്‍ കിടന്ന സമയത്താണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്.

തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാര്‍ കത്ത് കൈവശപ്പെടുത്തി എന്നാണ് സി.ബി.ഐ പറയുന്നത്. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് നല്‍കിയ മൊഴിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.