കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പി.കെ ബിജു; നിക്ഷേധിച്ച് രേഖ പുറത്ത് വിട്ട് അനില്‍ അക്കര, 'യുദ്ധം' മുറുകുന്നു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പി.കെ ബിജു; നിക്ഷേധിച്ച് രേഖ പുറത്ത് വിട്ട് അനില്‍ അക്കര, 'യുദ്ധം' മുറുകുന്നു

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ തനിക്ക് ബന്ധമുണ്ടെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കരയുടെ ആരോപണങ്ങള്‍ നിഷേധിച്ച് സിപിഎം നേതാവും മുന്‍ എംപിയുമായ പി.കെ ബിജു. അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു പറഞ്ഞ ബിജു തനിക്കെതിരെ തെളിവുണ്ടെങ്കില്‍ അനില്‍ മാധ്യമങ്ങള്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷിച്ച പാര്‍ട്ടി കമ്മീഷനില്‍ താന്‍ അംഗമല്ല. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ആവശ്യമില്ല. താന്‍ അന്വേഷണ കമ്മീഷനിലില്ല. പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചോ എന്ന കാര്യം തനിക്കറിയില്ലെന്നും പി.കെ ബിജു പറഞ്ഞു.

എന്നാല്‍ പി.കെ ബിജുവിന്റെ വെളിപ്പെടുത്തല്‍ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി തൊട്ടു പിന്നാലെ അനില്‍ അക്കര രംഗത്ത് വന്നു. ബാങ്ക് തട്ടിപ്പിന്റെ അന്വേഷണ കമ്മിഷനായി ബിജുവിനെ നിയോഗിച്ച രേഖ അനില്‍ അക്കര പുറത്തു വിട്ടു. സിപിഎമ്മാണ് ബിജുവിനെ അന്വേഷണ കമ്മിഷനായി നിയമിച്ചതെന്നാണ് സമൂഹ മാധ്യമത്തിലൂടെ അനില്‍ പുറത്തുവിട്ട രേഖയില്‍ നിന്ന് വ്യക്തമാകുന്നത്.


കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തൃശൂര്‍ സ്വദേശി പി. സതീഷ്‌കുമാര്‍ ഒരു സിറ്റിങ് എംഎല്‍എയുടെയും മുന്‍ എം.പിയുടെയും ഉന്നത റാങ്കിലുള്ള ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇ.ഡി പരാമര്‍ശിച്ച മുന്‍ എം.പി പി.കെ ബിജുവാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തിയത്. തട്ടിപ്പില്‍ എ.സി മൊയ്തീനും പി.കെ ബിജുവിനും ഒരു പോലെ പങ്കുണ്ടെന്നാണ് അനില്‍ അക്കരയുടെ വാദം.

സതീഷില്‍ നിന്ന് സിപിഎം നേതാവ് പണം കൈപ്പറ്റി. തട്ടിപ്പിന്റെ ഭാഗമായ പി.കെ ബിജു തന്നെ പാര്‍ട്ടിയ്ക്ക് വേണ്ടി വിഷയം അന്വേഷിച്ചത് സതീഷിനെ സംരക്ഷിക്കാനാണെന്നും അനില്‍ അക്കര ആരോപണമുന്നയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.