കൊളംബോ: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി പെരുമഴ പെയ്തിറങ്ങിയതോടെ ഇന്ത്യ-പാക് മല്‍സരം താത്കാലികമായി ഉപേക്ഷിച്ചു. റിസര്‍വ് ദിനമായ നാളെ മല്‍സരം കാലാവസ്ഥ അനുകൂലമായാല്‍ നടക്കും.
എട്ടു മണിക്ക് ഗ്രൗണ്ട് പരിശോധിച്ച അമ്പയര്‍മാര്‍ കളി 9 മണിക്ക് പുനരാരംഭിക്കുമെന്ന് പറഞ്ഞുവെങ്കിലും 8.30 ഓടെ വീണ്ടും മഴ കനക്കുകയായിരുന്നു. ഇതോടെയാണ് ഇന്നത്തെ മല്‍സരം നാളെയ്ക്കു മാറ്റാന്‍ തീരുമാനിച്ചത്.
കൊളംബോയില്‍ കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ നാളെയും കളി നടക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഈ ഏഷ്യാകപ്പിലെ രണ്ടാം മല്‍സരമാണ് മഴ മൂലം ഉപേക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് മല്‍സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 24.1 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വില്ലനായി മഴയെത്തിയത്.
പാകിസ്ഥാനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങാതെ പോയ ഓപ്പണര്‍മാര്‍ ആക്രമണ ബാറ്റിംഗിലേക്കു തിരിഞ്ഞതോടെ ഇന്ത്യയുടെ റണ്‍നിരക്ക് ഉയര്‍ന്നു. സ്പിന്നര്‍ ഷദാബ് ഖാനെയും കഴിഞ്ഞ മല്‍സരത്തിലെ ഹീറോ ഷഹീന്‍ അഫ്രീദിയെയും കടന്നാക്രമിച്ച ഓപ്പണര്‍മാര്‍ വെറും 16.4 ഓവറില്‍ 121 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനു മികച്ച അടിത്തറ നല്‍കി.
ഷദാബ് ഖാനെ തുടര്‍ച്ചയായ ബൗണ്ടറികള്‍ക്കു ശിക്ഷിച്ച രോഹിത് ശര്‍മയെ മികച്ചൊരു ക്യാച്ചിലൂടെ ഫഹീം അഷ്‌റഫ് പുറത്താക്കുമ്പോള്‍ 49 പന്തില്‍ നിന്ന് 56 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. നാലു സിക്‌സുകളും ആറു ഫോറുകളും രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സിനു ചാരുതയേകി.
രണ്ട് ഓവറിന്റെ വ്യാത്യാസത്തില്‍ വളരെ മനോഹരമായി കളിച്ചു വന്ന ഗില്ലിനെ സ്‌ളോബോളില്‍ കുടുക്കി ഷഹീന്‍ അഫ്രീദി രണ്ടാം പ്രഹരവും ഏല്‍പ്പിച്ചു. അഫ്രീദിയെ ആറു തവണ ബൗണ്ടറി കടത്തിയ ഗില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റര്‍ കൂടിയായി. 10 ബൗണ്ടറിയടക്കം 52 പന്തില്‍ 58 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.