തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന സമ്മേളനത്തിനാണ് തുടക്കമാകുന്നത്.
പുതുപ്പള്ളിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മന്‍ ഇന്ന് രാവിലെ പത്തിന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയുള്ള ചോദ്യോത്തര വേളയ്ക്ക് ശേഷമാവും സത്യപ്രതിജ്ഞാ ചടങ്ങ്.
പിതാവിന്റെ ചരമോപചാരത്തിനും അദ്ദേഹത്തിന്റെ മരണം മൂലം ഒഴിവുവന്ന മണ്ഡലത്തില്‍ വിജയിച്ച മകന്റെ സത്യപ്രതിജ്ഞയ്ക്കും സാക്ഷ്യം വഹിക്കുന്നുവെന്ന പ്രത്യേകതയും പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിനുണ്ട്.
ഈ മാസം 14 വരെ ചേരുന്ന സമ്മേളനത്തില്‍ പുതുപ്പള്ളിയില്‍ പിണറായി സര്‍ക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം.
കൂടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സഭാംഗവും മുന്‍ മന്ത്രിയുമായ എ.സി മൊയ്തീനെ ചോദ്യം ചെയ്യുന്നതിന് ഇ.ഡി വിളിപ്പിച്ചതിലും മുന്‍ എംപി പി.കെ ബിജുവിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലും കരുവന്നൂര്‍ അഴിമതിയും പ്രതിപക്ഷം ഉന്നയിക്കും.
ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നതിനാല്‍ എ.സി മൊയ്തീന്‍ ഇന്ന് നിയമസഭയില്‍ എത്തില്ല. കഴിഞ്ഞയാഴ്ച ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നിയമസഭയിലെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന കാരണം പറഞ്ഞാണ് മൊയ്തീന്‍ ഒഴിഞ്ഞു മാറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.