കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി മൊയ്തീനും പുരാവസ്തു കള്ളപ്പണക്കേസില്‍ കെ.സുധാകരനും ഇന്ന് ഇ.ഡിക്ക് മുന്നില്‍

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എ.സി മൊയ്തീനും പുരാവസ്തു കള്ളപ്പണക്കേസില്‍ കെ.സുധാകരനും  ഇന്ന് ഇ.ഡിക്ക് മുന്നില്‍

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനായി മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ.സി മൊയ്തീനും മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ചോദ്യം ചെയ്യലിനായി ഇന്ന് ഇ.ഡി ഓഫീസില്‍ ഹാജരാകും.

രാവിലെ 11 ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് ഇരു നേതാക്കള്‍ക്കും ലഭിച്ച നിര്‍ദേശം. പത്ത് വര്‍ഷത്തെ ആദായ നികുതി രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാനും അന്വേഷണ സംഘം മൊയ്തീനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുരാവസ്തു കേസില്‍ കെ. സുധാകരനെ ഇ.ഡി നേരത്തെ ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട രേഖകളുമായി ഓഗസ്റ്റ് 30 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മൂലമുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ഇ.ഡിക്ക് കത്ത് നില്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നത്തേക്ക് ഹാജരാകാന്‍ നോട്ടിസ് നല്‍കിയത്.

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബിനാമികള്‍ക്ക് വ്യാജ വായ്പ അനുവദിക്കുന്നതില്‍ എ.സി മൊയ്തീന്‍ ഇടപെട്ടുവെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. തട്ടിപ്പ് ആസൂത്രണം ചെയ്തവരും വായ്പത്തുക കൈപ്പറ്റിയവരും ഇടനിലക്കാരും സിപിഎം ബന്ധമുള്ളവരും നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയാവും ചോദ്യം ചെയ്യല്‍.

കേസില്‍ അറസ്റ്റിലായ പി. സതീഷ് കുമാറാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ഇയാള്‍ നടത്തിയ 150 കോടിയോളം രൂപയുടെ വായ്പാത്തട്ടിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചെന്നാണ് മൊഴികള്‍. ബാങ്ക് ഇടപാടുകാര്‍, നിക്ഷേപകര്‍, അംഗങ്ങള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, സിപിഎം പ്രാദേശിക നേതാക്കള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

മൊയ്തീനുമായി അടുത്ത ബന്ധമുള്ള തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസിനെയും വടക്കാഞ്ചേരി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. അനൂപ് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകും. എന്നാല്‍ അരവിന്ദാക്ഷന്‍ ഇന്നെത്തില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.