പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിഷയത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിഷയത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിഷയത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കുമെന്ന് അദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

കേരളത്തിലെ കെ.എസ്.യു.വിന്റെ യൂണിറ്റ് സെക്രട്ടറി മുതല്‍ താന്‍ ഇത്രയും കാലം നേടിയിട്ടുള്ള എല്ലാ പദവികളും തന്റെ പാര്‍ട്ടി നല്‍കിയതാണെന്നായിരുന്നു അദേഹം പറഞ്ഞത്. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്നെ വ്യക്തമായി അറിയാമെന്നും തന്റെ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ടു കൊണ്ടു പോണമെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നുമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിഷയത്തില്‍ അദേഹത്തിന്റെ പ്രതികരണം.

പുതുപ്പളളി ഉപതിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ താന്‍ അവിടെഉണ്ടായിരുന്ന ഘട്ടത്തിലാണ് പ്രവര്‍ത്തക സമിതി സംബന്ധിച്ച തീരുമാനം പുറത്തുവന്നത്. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും ചാണ്ടി ഉമ്മനും ഉജ്വലമായ വിജയം സമ്മാനിക്കുക എന്നതായിരുന്നു ആ സമയത്തെ ദൗത്യം.

പുതുപ്പള്ളിയില്‍ തന്നെ ഇരുപതോളം ദിവസം ചിലവിടുകയും കുടുംബയോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കാനും സാധിച്ചു. ഒടുവില്‍ ആഗ്രഹിച്ച ചരിത്ര വിജയത്തില്‍ തന്റേതായ ഒരു ചെറിയ പങ്കും വഹിക്കാന്‍ കഴിഞ്ഞെന്ന അഭിമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പുതുപ്പള്ളിയിലെ ഈ വിജയത്തോടെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുടെയും ഉത്തരവാദിത്തബോധം കൂടി. വരാനിരിക്കുന്നതു രാജ്യത്തിന്റെ തന്നെ ഭാവിക്കു നിര്‍ണായകമായ ലോക്സഭാ തിരഞ്ഞെടുപ്പാണെന്നും ഇന്ത്യയെ ഫാഷിസ്റ്റ് യുഗത്തിലേക്കു നയിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കും സംഘപരിവാറിനും തക്കതായ തിരിച്ചടി നല്‍കേണ്ടത് കോണ്‍ഗ്രസിന്റെ മുഖ്യ ഉത്തരവാദിത്തമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

അതിനായി തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും കൂറ്റന്‍ വിജയങ്ങള്‍ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും പകര്‍ത്താനാണ് തങ്ങള്‍ അടുത്തതായി ശ്രമിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.