കോട്ടയം: എന്‍സിപിയുടെ പാലാ സിറ്റിംഗ് സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനല്‍കാനുള്ള ഇടത് മുന്നണി തീരുമാനം എന്‍സിപിയുടെ പിളര്‍പ്പിലേക്ക് വഴി തുറക്കുന്നു. പാലാ എംഎല്‍എ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ ചേക്കേറാനുള്ള നീക്കം ശക്തമാക്കി. ഏറെക്കാലത്തിന് ശേഷം തിരിച്ചുപിടിച്ച പാലാ സീറ്റ് ഒരു കാരണവശാലും വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി കാപ്പന്‍.പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ മാണിക്ക് നല്‍കിയാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ മത്സരിക്കുമെന്ന് സീ ന്യൂസ് ലൈവ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ എല്‍ഡിഎഫിന് കാര്യമായ വേരോട്ടമുള്ള കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു വന്ന മന്ത്രി എ കെ ശശീന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും എല്‍ഡിഎഫ് വിടുന്നതിനോട് കടുത്ത വിയോജിപ്പാണുള്ളത്. കാപ്പനു വേണ്ടി എന്തിന് മുന്നണി വിടണം എന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് എന്‍സിപി പിളരുമെന്ന വിലയിരുത്തലിന് പ്രസക്തിയേറുന്നത്.
മാത്രമല്ല, യുഡിഎഫില്‍ കിട്ടുന്ന സീറ്റുകളെക്കുറിച്ചും ധാരണയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വിജയം നേടാനായ സാഹചര്യത്തില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ മാത്രം മുന്നണി വിടുന്നത് നഷ്ടക്കച്ചവടമാകുമെന്നും അവര്‍ വാദമുന്നയിക്കുന്നു . മുന്നണി മാറ്റം സംബന്ധിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്ററും മാണി സി കാപ്പനും ഡിസംബര്‍ 25 ന് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ദേശീയ നേതൃത്വവുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്തയാഴ്ചയോടെ എന്‍സിപി ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ചേരുന്നുണ്ട്.
മുന്നണിമാറ്റം എന്ന തീരുമാനമുണ്ടായാല്‍ അതിന്റെ ഗുണം മാണി സി കാപ്പന് മാത്രമാണ് എന്നാണ് പല ജില്ലാ കമ്മിറ്റികളുടെയും നിലപാട്. എന്തായാലും ജില്ലാ കമ്മിറ്റികളുടെ നിലപാടുകള്‍ ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക. ഇടതു മുന്നണി വിടാനാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കടന്നപ്പള്ളി രാമചന്ദ്രന്റെ കോണ്‍ഗ്രസ് എസില്‍ ചേക്കേറി എല്‍ഡിഎഫില്‍ തുടരാനുള്ള നീക്കവും നടത്തുനുണ്ട്.
എന്നാല്‍ മുന്നണി മാറ്റമൊന്നും പാര്‍ട്ടിയില്‍ ഇതുവരെ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.