ദുബായ്: കഴിഞ്ഞ വ്യാഴാഴ്ച ഉമ്മുല്‍ ഖുവൈനില്‍ എയ്‌റോഗള്‍ഫ് 'ബെല്‍ 212' ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് കാണാതായ രണ്ടാമത്തെ പൈലറ്റും മരിച്ചതായി സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷം രണ്ട് പൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ച് എയ്‌റോഗള്‍ഫ് കമ്പനി പ്രസ്താവന ഇറക്കി.
'ഹെലികോപ്റ്ററില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. രണ്ട് ജീവനക്കാര്‍ മാത്രമാണ് കയറിയിരുന്നത്. ഖേദകരമെന്നു പറയട്ടെ, രണ്ട് ജീവനക്കാരും മരിച്ചുവെന്ന് ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയും' കമ്പനി അറിയിച്ചു. ദുബായിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനും ഒരു ഓഫ്‌ഷോര്‍ റിഗിനുമിടയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. ഹെലികോപ്റ്റര്‍ സെപ്റ്റംബര്‍ ഏഴിന് രാത്രി 8.07ന് യുഎഇ തീരത്തോടടുത്ത കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.
ഒരു പൈലറ്റിന്റെ മരണം കഴിഞ്ഞ വെള്ളിയാഴ്ച യുഎഇ ജനറല്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചെങ്കിലും രണ്ടാമത്തെ ക്രൂ അംഗത്തിനായി തിരച്ചില്‍ തുടര്‍ന്നു. ഈ സമയം മരിച്ച പൈലറ്റ് ഏത് രാജ്യക്കാരനാണെന്ന് പുറത്തുവിട്ടിരുന്നില്ല. അപകടത്തില്‍പെട്ട പൈലറ്റുമാരില്‍ ഒരാള്‍ ഈജിപ്തുകാരനും മറ്റൊരാള്‍ ദക്ഷിണാഫ്രിക്കക്കാരനുമാണെന്ന് അതോറ്റി അറിയിച്ചിരുന്നു.
കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും ഈ പ്രയാസകരമായ സമയത്ത് മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.