കാസര്‍കോഡ്: ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രമല്ല, ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്ര മോഡി മനസിലാക്കണമെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. രാജ്യത്തെ മതേതര മൂല്യങ്ങളുടെ നന്മയിലേക്ക് ചില ഛിദ്രശക്തികള്‍ തീ കോരിയിടാന്‍ ശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു.
നാല് മാസത്തിലേറെയായി മണിപ്പൂരില്‍ തുടരുന്ന കലാപത്തിന് പരിഹാരമാവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കാസര്‍ഗോഡ് ഡിസിസി ഓഫീസ് പരിസരത്ത് നടത്തിയ 24 മണിക്കൂര്‍ ഉപവാസത്തിന്റെയും ബഹുസ്വരതാ സംഗമത്തിന്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ പാംപ്ലാനി.
ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെയും ആശ്ലേഷിക്കുന്നത് കാണുമ്പോള്‍ ഭാരതീയരെന്ന നിലയില്‍ നമുക്കെല്ലാം അഭിമാനമാണ്. എന്നാല്‍, മണിപ്പൂര്‍ കലാപത്തില്‍ മാനഭംഗത്തിനിരയായ സ്ത്രീകളെ ചേര്‍ത്തുപിടിച്ചിരുന്നെങ്കില്‍ മുറിവേറ്റ മനസുകള്‍ക്ക് അത് എത്രയോ ആശ്വാസമാകുമായിരുന്നു.
ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹത്തിന്റെ ഹൃദയവിശാലതയും സഹിഷ്ണുതയുമാണ് ന്യൂനപക്ഷ വിഭാഗത്തിന്റെ സംരക്ഷണവും കരുത്തും. ഏകീകൃത സിവില്‍ കോഡ് ഒരു മതത്തിനെതിരല്ല, ഇന്ത്യയുടെ വൈവിധ്യത്തിനെതിരാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചത്.
ആ നിലപാടിനോട് പൂര്‍ണമായും യോജിക്കുന്ന സമീപനമാണ് ക്രൈസ്തവ സഭയും കൈക്കൊണ്ടത്. മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തിയ സന്ദര്‍ശനം ന്യൂനപക്ഷങ്ങള്‍ക്കൊപ്പം അദേഹം ഉണ്ടെന്നുള്ളതിന്റെ ഉറപ്പാണ് നല്‍കുന്നത്.
ഭാരതീയന്‍ എന്നാല്‍ പ്രകാശത്തില്‍ ആനന്ദിക്കുന്നവര്‍ എന്നാണ് അര്‍ഥം. പ്രകാശത്തില്‍ ആനന്ദിക്കുന്ന, നന്മയില്‍ അഭിരമിക്കുന്ന ഒരു മനസ് സ്വന്തമാക്കാത്തിടത്തോളം പേരുമാറ്റങ്ങള്‍ നിരര്‍ത്ഥകമാണെന്നും അദേഹം പറഞ്ഞു. 24 മണിക്കൂര്‍ ഉപവാസസമരം ആര്‍ച്ച് ബിഷപ്പ് എംപിക്ക് നാരങ്ങാ നീര് നല്‍കി അവസാനിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എംപി മുഖ്യ പ്രഭാഷണം നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.