വൈദീകർക്കും ടീച്ചർക്കുമൊപ്പം അവാർഡ് വാങ്ങി അമ്മാമയും : കടുകിനും നെല്ലിക്കക്കും അംഗീകാരം നൽകി കെ സി ബി സി മാധ്യമ കമ്മീഷൻ

വൈദീകർക്കും ടീച്ചർക്കുമൊപ്പം  അവാർഡ് വാങ്ങി അമ്മാമയും : കടുകിനും നെല്ലിക്കക്കും അംഗീകാരം നൽകി  കെ സി ബി സി മാധ്യമ കമ്മീഷൻ

തനി നാടൻ ഭാഷയിൽ കൊച്ചു തലമുറയെ ഗുണദോഷം പഠിപ്പിക്കുന്ന അമ്മമ്മയും അമ്മമ്മയുടെ ചാട്ടുളിയിൽ നട്ടം തിരിയുന്ന കൊച്ചുമോനും സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ സമാനമായി മറ്റൊരുഭാഗത്തു ജനശ്രദ്ധയാകര്ഷിച്ചത് കടുക് എന്ന കുഞ്ഞുപേരിൽ വലിയ കാര്യങ്ങൾ പറയുന്ന കുറച്ചു വൈദീകരാണ്. കെ സി ബി സി മാധ്യമ കമ്മീഷൻ ഇദംപ്രഥമമായി ഏർപ്പെടുത്തിയ സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് 2021 നു ഫാ ഫിജോ ആലപ്പാടൻ, ഫാ ഗ്രിജോ മുരിങ്ങാത്തേരി, ഫാ പ്രതീഷ് കല്ലറക്കൽ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന കടുകിനോടൊപ്പം ജിൻസണും മേരി ജോസ് മാമ്പിള്ളിയും ചേർന്ന് അവതരിപ്പിക്കുന്ന അമ്മമ്മയും കൊച്ചുമോനും അർഹമായി. അതോടൊപ്പം തന്നെ ശ്രീമതി ഷിജി ജോൺസൻ അവതരിപ്പിക്കുന്ന തോട്ട് ഓഫ് ദ ഡേയും, ഫാ വിൻസെന്റ് വാരിയത്ത് അവതരിപ്പിക്കുന്ന അനുദിന ആത്മീയ ചിന്തകൾ എന്ന പ്രോഗ്രാമും അംഗീകാരം നേടി.

സോഷ്യൽ മീഡിയയിലൂടെ നന്മ വിതയ്ക്കുകയും നല്ലതു പറയുകയും ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടെയാണ് കെ സി ബി സി അവാർഡ് ഏർപ്പെടുത്തിയത്. കൊറോണയുടെ വരവോടെ മുന്കാലത്തെക്കാളേറെ മിനി വെബ് സീരീസുകളും പ്രഭാഷണങ്ങളും പുറത്തിറങ്ങുകയും പുതിയ സോഷ്യൽ മീഡിയ താരങ്ങൾ ഉദയം ചെയ്യുകയും ചെയ്തിരുന്നു. കുടുംബാന്തരീക്ഷത്തിൽ രസകരമായി കാര്യങ്ങൾ അവതരിപ്പിച്ചാൽ പ്രേക്ഷകരെ കിട്ടുമെന്ന് തെളിയിച്ചത് ടെലിവിഷൻ പരിപാടിയായ ഉപ്പും മുളകും എന്ന ജനകീയ പ്രോഗ്രാമിലൂടെ തെളിയപ്പെട്ടിരുന്നു. ഇട്ടാലുടൻ തന്നെ പത്തുലക്ഷം കഴിയുന്ന കരിക്കും അവസ്ഥയുമൊക്കെ യുവാക്കളുടെയിടയിൽ ചർച്ചയായപ്പോൾ ഒപ്പും മുളകും കടുകും കരിക്കുമൊക്കെയാണ് നമ്മുടെ അവസ്ഥയെന്ന് ആളുകൾ രസം പറയുന്ന സാഹചര്യം സംജാതമായി. ഫിയത് മിഷൻ അവതരിപ്പിക്കുന്ന പുണ്യളൻ സൂപ്പർ ഹിറ്റായി മാറിയതും ഈ കാലയളവിലാണ്.

വെറും തമാശ എന്നതിനേക്കാൾ സന്മാർഗ പാഠങ്ങൾ നൽകുന്നു എന്നതാണ് കടുക്, അമ്മമ്മയും കൊച്ചുമോനും എന്നെ വെബ് സീരീസുകളുടെ പ്രത്യകത.ഞായറാഴ്ചയിലെ വചന ഭാഗങ്ങളുടെ സാരാംശം വിശ്വാസികളിലേക്കു എത്തിക്കാൻ തൃശൂർ അതിരൂപതയിലെ മൂന്നു വൈദീകർ ചേർന്ന് നടത്തിയ പരിശ്രമം ആണ് കടുകിന്റെ ആരംഭം. മീഡിയ കത്തോലിക്കാ എന്ന യുട്യൂബ് ചാനലിലൂടെയാണ് കടുക് ജനങ്ങളിലേക്ക് എത്തുന്നത്. കാലടി സർവകലാശാലയിൽ നിന്ന് എം എ തിയറ്റർ ഒന്നാം റാങ്കോടെ പാസ്സായ ഫാ ഫിജോ ആലപ്പാടൻ ആണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഫാ പ്രിതീഷ് കല്ലറക്കൽ ക്യാമറ കൈകാര്യം ചെയ്യുന്നു. സംഗീത വിദഗ്ധൻ കൂടെയായ ഫാ ഗ്രിജോ മുരിങ്ങാത്തേരിയും ഇതിൽ അഭിനയിക്കുന്നുണ്ട്.

വെള്ളപ്പൊക്കകാലത്തു നോർത്ത് പറവൂർ ഭാഗത്തു വീടുവിട്ടു ദുരിതാശ്വാസ കേന്ദ്രത്തിൽ എത്തിയപ്പോഴാണ് റ്റിക്റ്റോക്കിന്റെ അനന്ത സാധ്യതകളെക്കുറിച്ച അങ്കമാലി അതിരൂപതക്കാരായ മേരി ജോസ് മാമ്പള്ളി എന്ന അമ്മമ്മയും ജിൻസൺ എന്ന കൊച്ചുമോനും അറിയാനിടയായത്. കെടുതികളുടെ നടുവിൽ രസം കണ്ടെത്താൻ ഇടം കിട്ടിയപ്പോൾ ജിൻസൺ അതൊരു പരീക്ഷണമാക്കിയതാണ്. എന്നാൽ നൊടിയിടയിലാണ് അവർ താരങ്ങളായി മാറിയത്. ഇതിനിടയിലാണ് തലശ്ശേരി രൂപതക്കാരനായ മനുവും താമരശ്ശേരി രൂപതക്കാരനായ ലിതിൻ പോളും ചേർന്ന് തങ്ങൾ കൊച്ചി കേന്ദ്രമാക്കി ആരംഭിച്ച മീഡിയ എഡ്ജ് പ്രൊഡക്ഷന്സിനു വേണ്ടി പ്രതിഭകളെ അന്വേഷിക്കുന്നത്. അമ്മമ്മയും കൊച്ചുമോനും അവരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുറച്ചുകൂടെ ശ്രദ്ധേയമായ നെല്ലിക്ക എന്ന പ്ലാറ്റഫോമിൽ അവർക്കു അവസരം ഒരുങ്ങുകയായിരുന്നു. തൃശൂർ രൂപതക്കാരനായ ഓസ്റ്റിൻ ജോസഫ് സ്ക്രിപ്റ്റ് തയ്യാറാക്കി ജിൻസൺ സംവിധാനം ചെയ്യുന്ന വെബ് സീരിസിന്റെ ഛായാഗ്രഹണം ലിതിൻ പോൾ നിർവഹിക്കുന്നു.

അഞ്ചു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും (MA ) സൈക്കോളജിയിൽ പി എച്ച് ഡി യും ഉള്ള ആളാണ് വരാപ്പുഴ രൂപതയിൽ നിന്നുള്ള ഫാ ഡോ വിൻസന്റ് വാരിയത്. കൊറോണയുടെ നാളുകളിൽ ആളുകൾക്ക് സമാശ്വാസം ഏകാൻ ആരംഭിച്ചതാണ് എല്ലാ ശനിയാഴ്ചയും അപ്‌ലോഡ് ചെയ്യുന്ന അനുദിന ആത്മീയ ചിന്തകൾ. മുപ്പത്തി അഞ്ചു എപ്പിസോഡുകൾ പൂർത്തിയാക്കിയപ്പോൾ ആണ് കെ സി ബി സി യുടെ അംഗീകാരം അച്ചനെ തേടിയെത്തുന്നത്. ഫിലിപ്പീൻസിലെ മനിലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഫാ വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടർ ആയും സേവനം അനുഷ്‌ടിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരി അതിരൂപതയുടെ മീഡിയ വില്ലേജ് ടെലിവിഷൻ എന്ന യുട്യൂബ് ചാനലിലാണ് ശ്രീമതി ഷിജി ജോൺസൻ അവതരിപ്പിക്കുന്ന തോട്ട് ഓഫ് ദ ഡേ. നെടുംകുന്നം സെയിന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് ശ്രീമതി ഷിജി.

ജനുവരി എട്ടാം തിയ്യതി കെ സി ബി സി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരിയും മീഡിയ കമ്മീഷൻ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയും മുഖ്യാതിഥികളായി പി ഓ സി യിൽ വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. അന്ന് തന്നെ കെ സി ബി സി ന്യൂസ് പോർട്ടലിന്റെ ഉത്‌ഘാടനവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കുമെന്ന് കെ സി ബി സി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ ഡോ എബ്രഹാം ഇരിമ്പിനിക്കൽ അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.