രണ്ടു ദിവസം നീണ്ട ഇന്ത്യാ-പാക് പോരാട്ടത്തിന് ശുഭ പര്യവസാനം. കളിയുടെ എല്ലാ മേഖലയിലും സമ്പൂര്‍ണാധിപത്യം പുലര്‍ത്തിയ ഇന്ത്യ പാകിസ്ഥാനെ നിഷ്പ്രഭമാക്കി 228 റണ്‍സിന്റെ വന്‍വിജയം സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ - 2 വിക്കറ്റിന് 356, പാക്കിസ്ഥാന്‍ - 128/8 (32 ഓവര്‍).
ഇന്നലെ മഴമൂലം റിസര്‍വ് ദിനമായ ഇന്നത്തേക്കു മാറ്റിയ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും കെഎല്‍ രാഹുലിന്റെയും സെഞ്ചുറികളുടെ കരുത്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് അടിച്ചുകൂട്ടി.
ഇന്നലെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഇന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ പാക്കിസ്ഥാനു സാധിച്ചില്ല. കോലിയും കെഎല്‍ രാഹുലും ആക്രമണാത്മക ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്.
കോലിയായിരുന്നു കൂടുതല്‍ അപകടകാരി. 94 പന്തില്‍ നിന്ന് പുറത്താകാതെ 122 റണ്‍സ് അടിച്ചുകൂട്ടിയ കോലിയുടെ ഇന്നിംഗ്‌സിന് 3 സിക്‌സുകളും 9 ഫോറുകളും ചാരുതയേകി. ഇതിനിടെ അതിവേഗം ഏകദിനത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോലിയെ തേടിയെത്തി.
106 പന്തില്‍ നിന്ന് 111 റണ്‍സ് നേടിയ കെഎല്‍ രാഹുലും മികച്ച ബാറ്റിംഗാണ് കാഴ്ചവെച്ചത്. പാക് ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം നേരിട്ട ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ എന്ന നേട്ടമാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഒരു തരത്തിലും നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. തന്റെ മൂന്നാം ഓവറില്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ ഗില്ലിന്റെ കൈയിലെത്തിച്ച് ബുംറ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പതിനൊന്നാം ഓവറില്‍ പന്തെറിയാനെത്തിയ ഹര്‍ദിക് പാണ്ഡ്യ നായകന്‍ ബാബര്‍ അസത്തെയും മടക്കി അയച്ചതോടെ പാക് പ്രതിരോധത്തിലായി.
അടുത്ത ഓവറില്‍ മുഹമ്മദ് റിസ് വാനെ ഷര്‍ദുല്‍ ഠാക്കൂറും മടക്കി അയച്ചു. പിന്നീട് കണ്ടത് കുല്‍ദീപ് യാദവിന്റെ വിളയാട്ടമായിരുന്നു. അതുവരെ കരുതലോടെ കളിച്ച ഓപ്പണര്‍ ഫഖര്‍ സമാന്റെ വിക്കറ്റ് തെറിപ്പിച്ചു വേട്ട തുടങ്ങിയ കുല്‍ദീപ് തുടര്‍ന്നുള്ള അഞ്ചു വിക്കറ്റും സ്വന്തം പേരിലെഴുതി. എട്ട് ഓവറില്‍ 25 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപിന്റെ അഞ്ചു വിക്കറ്റ് നേട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.