വിമാനത്തിന് തകരാര്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ തുടരുന്നു; മടക്ക യാത്ര ഇന്ന്

വിമാനത്തിന് തകരാര്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഡല്‍ഹിയില്‍ തുടരുന്നു; മടക്ക യാത്ര ഇന്ന്

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഇതുവരെ മടങ്ങാനായില്ല. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് ട്രുഡോയുടെ മടക്കയാത്രയ്ക്ക് വിഘാതമായത്.

പ്രധാനമന്ത്രിയെ തിരിച്ചു കൊണ്ടുപോകാന്‍ കനേഡിയന്‍ സൈന്യം പകരം ഒരു വിമാനം അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ട്രുഡോയ്ക്കും പ്രതിനിധി സംഘത്തിനും മടങ്ങാനാകുമെന്നാണ് കരുതുന്നത്.

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ദ്ധരടങ്ങുന്ന സംഘത്തെയും ഇന്ത്യയിലേക്ക് അയച്ചതായി കനേഡിയന്‍ അധികൃതര്‍ അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരം അയക്കുന്ന വിമാനത്തില്‍ ട്രൂഡോയും സംഘവും തിരിച്ചു പോകും.

ട്രൂഡോയും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരുമടങ്ങുന്ന സംഘം ജി20 ഉച്ചകോടിക്ക് ശേഷം ഞായറാഴ്ച രാത്രി മടങ്ങേണ്ടതായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിനിധി സംഘം കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്.

ഈ സമയത്ത് ട്രുഡോയും മകന്‍ സേവ്യറും വിമാനത്താവളത്തിലെത്തിയിരുന്നില്ല. അവര്‍ ഹോട്ടലില്‍ തുടരുകയായിരുന്നു. പിന്നീട് വിമാനത്താവളത്തിലെത്തിയ മറ്റു പ്രതിനിധി സംഘാംഗങ്ങളും ഹോട്ടലിലേക്ക് മടങ്ങി.

സിഖ് വിഘടന വാദ ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിന് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് പരസ്യ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിനു പിന്നാലെ യാത്രാ തടസവും നേരിട്ടത് ട്രുഡോയ്ക്ക് വലിയ തിരിച്ചടിയായി. ട്രൂഡോ ലോക രാജ്യങ്ങള്‍ക്കിടയില്‍ അപമാനിതനായെന്ന് കാനഡയിലെ പ്രതിപക്ഷവും മാധ്യമങ്ങളും പരിഹസിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യം തുടരുന്ന സാഹചര്യത്തില്‍ മോഡിയും ട്രൂഡോയും തമ്മില്‍ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്ച നടന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.