'ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതു തന്നെ'; ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും പിടിയിലല്ലെന്ന് മുഖ്യമന്ത്രി

'ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതു തന്നെ'; ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും പിടിയിലല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതു തന്നെയാണെന്നും ആഭ്യന്തര വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പറയുന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി പറയുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര വകുപ്പ് ഒരു ഗൂഢസംഘത്തിന്റെയും പിടിയിലല്ല. അത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അദേഹം പറഞ്ഞു.

സര്‍ക്കാര്‍ അഭിമാനകരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അന്‍വര്‍ സാദത്ത് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ അഭിമാനകരമായി ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ ഒരു ആക്ഷേപവും കേള്‍ക്കേണ്ടി വരുന്നില്ല. അതില്‍ ജനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. അത് കേവലം ആഭ്യന്തര വകുപ്പിന്റെ മാത്രം മേന്മയല്ല, നാടിന്റെ സംസ്‌കാരം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുരീതിയില്‍ നിന്ന് വ്യത്യസ്തമായ ഒരു നടപടിയുണ്ടായാല്‍ അതിന് വിട്ടുവീഴ്ചയില്ലാത്ത സമീപനം ജനങ്ങള്‍ സ്വീകരിക്കും. രാജ്യത്ത് നടക്കുന്ന പൊള്ളുന്ന പല അനുഭവങ്ങളും നമ്മുടെ നാട്ടിലില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുമ്പോഴാണ് സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും രക്ഷയില്ലാത്ത അവസ്ഥ വരുന്നത്. നമ്മുടെ സംസ്ഥാനത്തിന് അത്തരത്തിലൊരു ആപത്ത് നേരിടേണ്ടി വരുന്നില്ല എന്ന അഭിമാനത്തോടെ തലയുയര്‍ത്തി പറയാനാവും. വര്‍ഗീയ ശക്തികളില്‍ നിന്ന് ഒരു സമീപനമുണ്ടായാല്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും. അതുകൊണ്ടുതന്നെയാണ് ക്രമസമാധാന പാലനം നടപ്പാക്കാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

ആഭ്യന്തര വകുപ്പ് ഗൂഢ സംഘത്തിന്റെ കയ്യിലാണെന്ന അംഗത്തിന്റെ ആരോപണം പ്രത്യേക മാനസിക നിലയുടെ ഭാഗമായി പറയുന്നതാണ്. ആഭ്യന്തര വകുപ്പ് ശരിയായ നിലയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒറ്റപ്പെട്ടതു തന്നെയാണ്. ഒറ്റപ്പെട്ടതിനെ എടുത്ത് പര്‍വ്വതീകരിച്ച് അതാണ് കേരളത്തില്‍ മൊത്തം നടക്കുന്നതെന്ന് പറയാനാവില്ല. ഏത് ഗൂഢസംഘമാണ് ആഭ്യന്തര വകുപ്പിനെ നയിക്കുന്നത്.? അവരവര്‍ക്കുള്ള രാഷ്ട്രീയമായ പ്രചാരണത്തിന് വേണ്ടി നാടിനെ ആകെ അപഹസിക്കാനും സമാധാനപരമായ അന്തരീക്ഷം താറടിച്ചു കാണിക്കാനുള്ള ശ്രമവുമായി മാത്രമെ ഇതിനെ കാണാനാവൂ.

ആലുവയില്‍ നടന്ന സംഭവത്തില്‍ നമ്മുടെ നാട് അപലപിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളില്‍ ഉത്തരവാദികളെ എത്രയും വേഗം പിടികൂടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങളുണ്ട്. എങ്കിലും വിവര ശേഖരണത്തിന് പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.