ഡച്ച് മയക്കുമരുന്ന് മാഫിയാ തലവന്റെ മകന്‍ യു.എ.ഇയില്‍ പിടിയില്‍; നെതര്‍ലന്‍ഡ്സിന് കൈമാറും

ഡച്ച് മയക്കുമരുന്ന് മാഫിയാ തലവന്റെ മകന്‍ യു.എ.ഇയില്‍ പിടിയില്‍; നെതര്‍ലന്‍ഡ്സിന് കൈമാറും

അബുദാബി: ഡച്ച് മയക്കുമരുന്ന് മാഫിയാ തലവന്‍ റിഡൗവന്‍ ടാഗിയുടെ മകന്‍ യു.എ.ഇയില്‍ അറസ്റ്റില്‍. നെതര്‍ലന്‍ഡ്‌സിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് 22 കാരനായ ഫൈസല്‍ ടാഗിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ നെതര്‍ലന്‍ഡ്‌സിന് കൈമാറും.

മൊറോക്കന്‍ വംശജനായ റിഡൗവന്‍ ടാഗിയുടെ (45) മൂത്ത മകനാണ് ഫൈസല്‍ ടാഗിയെന്ന് നെതര്‍ലാന്‍ഡ്‌സിലെ ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ന്‍ വിതരണക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പിന്റെ സൂത്രധാരനാണ് റിഡൗവന്‍ ടാഗി. 2019-ല്‍ ദുബായില്‍ അറസ്റ്റിലായ ഇയാളെ ഉടന്‍ തന്നെ നെതര്‍ലന്‍ഡ്‌സിന് കൈമാറിയിരുന്നു. കൊലപാതകം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ റിഡൗവന്‍ ടാഗിയും കൂട്ടാളികളും വിചാരണ നേരിടുകയാണ്.

ദുബായില്‍ വച്ചാണ് ഫൈസല്‍ ടാഗിയെ യു.എ.ഇ പോലീസ് പിടികൂടിയത്. ഫൈസല്‍ ടാഗി ദുബായില്‍ അറസ്റ്റിലായതായി യുഎഇ അധികൃതര്‍ ഡച്ച് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസിനെ അറിയിച്ചിട്ടുണ്ട്. ഇയാളെ കൈമാറണമെന്ന് നെതര്‍ലന്‍ഡ്‌സ് അഭ്യര്‍ത്ഥിച്ചതായി ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തി.

ഫൈസല്‍ ടാഗി മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നും കള്ളപ്പണം വെളുപ്പിക്കലിലും അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നതിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയത്തിലാണ് യുവാവിനെ അന്വേഷിക്കുന്നതെന്ന് ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ കേസുകള്‍ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഒരുകാലത്ത് നെതര്‍ലന്‍ഡ്‌സിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി ആയിരുന്ന റിഡൗവന്‍ ടാഗിയുടെ വിചാരണ 2021 മാര്‍ച്ചിലാണ് ആരംഭിച്ചത്. ആംസ്റ്റര്‍ഡാമിന്റെ പ്രാന്തപ്രദേശത്തുള്ള 'ദി ബങ്കര്‍' എന്ന് വിളിക്കപ്പെടുന്ന അതീവ സുരക്ഷാമേഖലയിലെ കോടതിയിലാണ് വിചാരണ നടന്നുവരുന്നത്. റിഡൗവന്‍ ടാഗിയും കൂട്ടാളികളും കുറഞ്ഞത് ആറ് കൊലപാതകങ്ങളിലും നാല് കൊലപാതക ശ്രമങ്ങളിലും മറ്റ് ആറ് കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതിലും പ്രതികളാണ്. ടാഗിക്കും മറ്റ് അഞ്ച് പേര്‍ക്കും ജീവപര്യന്തം തടവും മറ്റ് പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഫൈസല്‍ ടാഗിയെ കുറ്റകൃത്യങ്ങളുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ വാദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.