സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു; കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു; കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കോണ്ടാക്ട് ട്രെയ്സിങും സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. നിപ കണ്‍ട്രോള്‍ റൂം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ആരംഭിച്ചു.

സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്‍, മാതൃസഹോദരന്‍ 25 വയസുകാരന്‍, കഴിഞ്ഞ ദിവസം മരണമടഞ്ഞ 40 വയസുകാരന്‍ എന്നിവര്‍ക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആദ്യം മരണമടഞ്ഞ 47 വയസുകാരനും നിപ പോസിറ്റീവാണെന്ന് അനുമാനിക്കുന്നതായാണ് സൂചന.

നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള രണ്ട് അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായത് കാരണം ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം തന്നെ ജാഗ്രത നിര്‍ദേശം പുറപ്പെടപ്പെടുവിച്ചിരുന്നു. നിപയാണോയെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

മുന്‍കൂട്ടി പ്രതിരോധം ശക്തമാക്കാനാണ് അറിഞ്ഞയുടന്‍ പ്രവര്‍ത്തനമാരംഭിച്ചത്. പ്രദേശത്ത് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന് യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചു. കൂടാതെ ആരോഗ്യ മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോടെത്തി വിവിധ യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങളും വിലയിരുത്തി. നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗീ പരിചരണത്തിനാവശ്യമായ പിപിഇ കിറ്റ്, എന്‍. 95 മാസ്‌ക്, മറ്റ് സുരക്ഷാ സാമഗ്രികള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യതക്കൊപ്പം മതിയായ ജീവനക്കാരേയും ഉറപ്പ് വരുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.