'കത്ത് സംഘടിപ്പിച്ചത് വി.എസ് പറഞ്ഞിട്ട്; പുറത്തും വിടും മുമ്പ് പിണറായിയെ കണ്ടു; കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല': പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍

'കത്ത് സംഘടിപ്പിച്ചത് വി.എസ് പറഞ്ഞിട്ട്; പുറത്തും വിടും മുമ്പ് പിണറായിയെ കണ്ടു; കടക്ക് പുറത്തെന്ന് പറഞ്ഞിട്ടില്ല': പുതിയ വെളിപ്പെടുത്തലുമായി ദല്ലാള്‍ നന്ദകുമാര്‍

യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചതിന്റെ പരിണിത ഫലമാണ് ഉമ്മന്‍ ചാണ്ടി തോജോവധത്തിന് വിധേയമായതെന്ന് നന്ദകുമാര്‍.

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന സോളാര്‍ പരാതിക്കാരിയുടെ കത്ത് തനിക്ക് കൈമാറിയത് കെ.ബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് ആണെന്ന് ദല്ലാള്‍ നന്ദകുമാര്‍.

അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞിട്ടാണ് കത്ത് സംഘടിപ്പിച്ചത്. ചാനലിലുടെ പുറത്ത് വിടും മുമ്പ് പിണറായി വിജയനെ കണ്ടു സംസാരിച്ചിരുന്നെന്നും ദല്ലാള്‍ നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2016 ഫെബ്രുവരിയില്‍ സോളാര്‍ തട്ടിപ്പിലെ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്ക് എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും എറണാകുളത്ത് എത്തി നിന്ന് ഉമ്മന്‍ ചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകള്‍ തന്നു.

ഇത് വി.എസിന് നല്‍കുകയും അദ്ദേഹം അത് പലകുറി വായിക്കുകയും ചെയ്തു. ഈ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 ലെ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു കൂടിക്കാഴ്ച്. തന്നെ ഇറക്കി വിട്ടെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. കടക്ക് പുറത്തെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി.

അതിനു ശേഷമാണ് കത്ത് ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് നല്‍കുന്നത്. 25 പേജുള്ള കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ട്. ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് കത്തിന്റെ തുടക്കം. ആ കത്ത് പരാതിക്കാരിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്നും ചാനല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് കത്ത് പ്രസിദ്ധീകരിച്ചത്.

2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ മൂന്ന് മാസം കഴിഞ്ഞ് പരാതിക്കാരി അദേഹത്തെ കണ്ടു. ഈ പരാതി നല്‍കുന്നതില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ താന്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. പരാതിക്കാരിക്ക് സമയവും വാങ്ങി നല്‍കിയിട്ടില്ല.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരിയോട് പുതിയ പരാതി എഴുതി വാങ്ങിയതില്‍ തനിക്ക് യാതൊരുവിധ പങ്കും ഇല്ല. യുഡിഎഫിന്റെ ഭാഗമായിരുന്ന രണ്ട് ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ കൊതിച്ചതിന്റെ പരിണിത ഫലമാണ് ഉമ്മന്‍ ചാണ്ടി തോജോവധത്തിന് വിധേയമായതെന്നും നന്ദകുമാര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.