തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപ ബാധിതരുമായി ഇടപഴകിയ മുഴുവനാളുകളെയും കണ്ടെത്തി പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മരുന്നായി നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി ഇന്ന് തന്നെ എത്തിക്കുമെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
കോഴിക്കോട് ജില്ലയില്‍ രണ്ട് രോഗ പ്രഭവ കേന്ദ്രമാണ് ഉള്ളത്. ഇവയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുന്നുണ്ടെന്നും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും കോഴിക്കോട് ജില്ല കളക്ടര്‍ എ. ഗീത പറഞ്ഞു. ഇന്ന് വൈകുന്നേരം കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. ഇന്ന് കേന്ദ്ര സംഘം കോഴിക്കോട് എത്തുമെന്നും കളക്ടര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളിലാണ് നിപ ബാധിച്ച് രണ്ട് മരണം ഉണ്ടായത്. മരുതോങ്കര കള്ളാട്ട് മുഹമ്മദലി (45), ആയഞ്ചേരി മംഗലാട്ട് ഹാരിസ് (40) എന്നിവരുടെ മരണം നിപ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന ഏഴ് പേരില്‍ മൂന്ന് പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ക്ക് നെഗറ്റീവാണ്. മൂന്ന് പേരുടെ സാംപിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണാക്കി കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. മരണം റിപ്പോര്‍ട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലെയും സമീപ പഞ്ചായത്തുകളിലുമാണ് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണാക്കിയത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14, 15 വാര്‍ഡ്
മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1, 2, 3, 4, 5, 12, 13, 14 വാര്‍ഡ്
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് - 1, 2, 20 വാര്‍ഡ്
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3, 4, 5, 6, 7, 8, 9, 10 വാര്‍ഡ്
കായക്കൊടി ഗ്രാമപഞ്ചായത്ത് - 5, 6, 7, 8, 9 വാര്‍ഡ്
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് - 6, 7 വാര്‍ഡ്
കാവിലുംപാറ ഗ്രാമപഞ്ചായത്ത് - 2, 10, 11, 12, 13, 14, 15, 16 വാര്‍ഡ്
കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമാണ്. അതേസമയം മെഡിക്കല്‍ ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല.
സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍, സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.
കണ്ടെയിന്‍മെന്റ് വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കും. നാഷണല്‍ ഹൈവേ, സ്റ്റേറ്റ് ഹൈവേ വഴി യാത്ര ചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ ഒരിടത്തും വാഹനം നിര്‍ത്താന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.