നിപാ രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണസജ്ജം: മന്ത്രി വീണാ ജോര്‍ജ്

നിപാ രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണസജ്ജം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത നിപാ രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണസജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ബിഎസ്എല്‍ ലെവല്‍ 2 ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ നിപ്പായാണെന്ന് സ്ഥിരീകരിതോടെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള എല്ലാ നടപടികളും സ്വീകരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സാങ്കേതികമായ ഫലപ്രഖ്യാപനം മാത്രമാണ് ലഭിക്കാനുണ്ടായിരുന്നതെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു.

പ്രാഥമിക പരിശോധനയില്‍ തന്നെ മരണത്തില്‍ അസ്വാഭാവികത തോന്നിയിരുന്നു. അതേസമയം മരിച്ച വ്യക്തിക്ക് കരള്‍ രോഗമുണ്ടായിരുന്നതിനാല്‍ സ്വകാര്യ ആശുപത്രി നിപാ സംശയിച്ചിരുന്നില്ല.

കോഴിക്കോട് നിന്ന് ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഉന്നതല തലയോഗം ചേര്‍ന്ന് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും നേരിട്ട് കോഴിക്കോടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.

2018ല്‍ നിപാ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രോട്ടോക്കോള്‍ രൂപീകരിക്കുകയും 2021ല്‍ പുതുക്കുകയും ചെയ്തിരുന്നു. പുതുക്കിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മരിച്ചയാളുടെയും രോഗികളുടെയും രോഗബാധിതരെന്ന് സംശയിക്കുന്നവരുടെയും റൂട്ട്മാപ്പ് തയ്യാറാക്കി.

പ്ലാന്‍ എ, ബി, സി പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മരുന്നുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 75 മുറിയുള്ള ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കിയിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തില്‍ നിര്‍ത്തുന്നുണ്ട്.

രോഗികള്‍ക്ക് നല്‍കാനുള്ള മോണോക്ലോണല്‍ ആന്റിബോഡി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിന് കേന്ദ്ര സഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെന്നൈയില്‍ നിന്നുള്ള എപ്പിഡമോളജി സംഘമെത്തും. കൂടാതെ കേന്ദ്ര സംഘത്തിന്റെ മൊബൈല്‍ ലാബ് ക്രമീകരിക്കുകയും രോഗികള്‍ക്കും രോഗം സംശയിക്കുന്നവര്‍ക്കും മാനസിക പിന്തുണ നല്‍കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.