കോഴിക്കോട്: കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. അതിനിടെ കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്തി.
മൂന്ന് കേസുകളില്‍ നിന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.
നിപ സ്ഥിരീകരിച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴു സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കയച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൊബൈല്‍ ലാബും ജില്ലയില്‍ സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാകും.
ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണം. രോഗബാധിത പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.
നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. ഓഗസ്റ്റ് 22 നാണ് ഇയാള്‍ അസുഖ ബാധിതനാകുന്നത്. 23 ന് വൈകുന്നേരം ഏഴ് മണിയോടെ തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു. 25 ന് മുള്ളാര്‍ക്കുന്ന് ബാങ്കില്‍ രാവിലെ 11 ന് കാറില്‍ എത്തി.
അന്നേ ദിവസം ഉച്ചയ്ക്ക് 12.30 ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തി. 26 ന് രാവിലെ പതിനൊന്നിനും 1.30 നും ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കിലെത്തി. 28 ന് രാത്രി ഒമ്പതിന് തൊട്ടില്‍ പാലം ഇഖ്‌റ റഹ്മ ആശുപത്രിയിലുമെത്തി.
29 ന് അര്‍ധരാത്രി 12 നാണ് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെത്തിയത്. ഇവിടെ വെച്ച് മരണപ്പെട്ട മുഹമ്മദിനെ 30 ന് ഉച്ചക്ക് രണ്ടിന് ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു.
അതിനിടെ നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകുന്നേരം നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. അഞ്ച് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.