ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം സ്വീകരിച്ച് പുടിന്‍; സമാന്തര സഖ്യത്തില്‍ ആശങ്കയോടെ പാശ്ചാത്യ രാജ്യങ്ങള്‍

ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള കിമ്മിന്റെ ക്ഷണം സ്വീകരിച്ച് പുടിന്‍; സമാന്തര സഖ്യത്തില്‍ ആശങ്കയോടെ പാശ്ചാത്യ രാജ്യങ്ങള്‍

സിയോള്‍: ഉത്തരകൊറിയ സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ക്ഷണം സ്വീകരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എന്നാവും സന്ദര്‍ശനമെന്നത് വ്യക്തമല്ലെങ്കിലും പുടിന്‍ ക്ഷണം സ്വീകരിച്ചതായി വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച റഷ്യയില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അവസാനമാണ് കിം ജോങ് ഉന്‍ പുടിനെ ക്ഷണിച്ചത്.

അതേസമയം, ലോകത്ത് നിന്നും ഒറ്റപ്പെട്ടുപോയ ഈ രണ്ട് രാഷ്ട്രനേതാക്കള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് ആശങ്കയോടെയാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാനും കാണുന്നത്.

ഉക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് ഉത്തര കൊറിയ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. റഷ്യയുടെ കിഴക്കുള്ള വോസ്റ്റോച്നി ബഹിരാകാശ കേന്ദ്രത്തില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു കിം റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

ബഹിരാകാശ കന്ദ്രത്തിലെ സോയുസ് -2 സ്‌പേസ് റോക്കറ്റ് ലോഞ്ച് സജ്ജീകരണങ്ങള്‍ സന്ദര്‍ശിച്ച കിം അവിടുത്തെ ഉദ്യോഗസ്ഥരോട് നിരന്തരമായി റോക്കറ്റുകളെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉത്തരകൊറിയയുടെ ആണവ-മിസൈല്‍-ഉപഗ്രഹ പദ്ധതികള്‍ക്കുള്ള റഷ്യന്‍ സഹകരണം അടക്കം പുടിന്‍-കിം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആണവ അന്തര്‍വാഹിനികള്‍ ഉത്തരകൊറിയയ്ക്ക് നല്‍കുന്ന വിഷയത്തിലും ചര്‍ച്ച നടന്നതായാണു സൂചന. കഴിഞ്ഞ ദിവസം ഒരു ആണവ മുങ്ങിക്കപ്പല്‍ ഉത്തര കൊറിയ പുറത്തിറക്കിയിരുന്നു. സമുദ്രത്തിനടിയില്‍ നിന്നും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളതാണ് ഈ മുങ്ങിക്കപ്പല്‍.

റഷ്യ നിലവില്‍ തങ്ങളുടെ പരമാധികാര അവകാശങ്ങളും സുരക്ഷയും താത്പ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ആധിപത്യ ശക്തികള്‍ക്കെതിരേ ന്യായമായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നാണ് ഉക്രെയ്ന്‍ യുദ്ധത്തെ പരോക്ഷമായി പരാമര്‍ശിച്ച് കിം പറഞ്ഞത്. ശത്രുക്കള്‍ക്കെതിരെ റഷ്യ 'വലിയ വിജയം' നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കിം പുടിനോട് പറഞ്ഞു.

ഉത്തരകൊറിയ റഷ്യയില്‍ നിന്നും പ്രതീക്ഷിക്കുന്ന സാങ്കേതിക വിദ്യക്കും ഭക്ഷ്യ സഹായത്തിനും പകരമായി സൈനീക ഉപകരണങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. അതിനിടെ പുടിനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സുഖോയ് യുദ്ധവിമാനങ്ങളും മറ്റ് വിമാനങ്ങളും നിര്‍മിക്കുന്ന ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം തീരുമാനിച്ചതായി ജപ്പാനിലെ ക്യോഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കിം - പുടിന്‍ കൂടിക്കാഴ്ചയ്ക്കിടെ ഇന്നലെ ഉത്തര കൊറിയയില്‍ രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണവും നടന്നു. സന്ദര്‍ശനത്തിനു ശേഷം കിം മടങ്ങിയതായാണ് റഷ്യയുടെ ന്യൂസ് ഏജന്‍സി ആര്‍ഐഎ നോവോസ്തി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉക്രെയ്ന്‍ യുദ്ധം ഒരു വര്‍ഷം പിന്നിട്ടതോടെ റഷ്യയുടെ ആയുധശേഖരത്തില്‍ വന്‍ കുറവുണ്ടായിട്ടുള്ളതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തെ തുടര്‍ന്ന് മറ്റ് രാജ്യങ്ങളുമായി ഇടപാടുകള്‍ നടത്തുന്നതില്‍ വിലക്ക് തുടരുന്നതിനാലാണ് റഷ്യ ഉത്തര കൊറിയയില്‍ നിന്ന് ആയുധം വാങ്ങാനുള്ള ശ്രമം നടത്തുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ജനാധിപത്യ രാജ്യങ്ങള്‍ പുറത്താക്കിയ മറ്റ് നേതാക്കളുമായി സഖ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് മോസ്‌കോ ഇപ്പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.