സാവോപോളോ: കത്തോലിക്ക വിശ്വാസം സ്വീകരിച്ച് കാൽപന്തുകളിയുടെ എക്കാലത്തെയും രാജാക്കന്മാരിൽ ഒരാളും ഫുട്ബോൾ പ്രതിഭാസം എന്നറിയപ്പെടുകയും ചെയ്യുന്ന ബ്രസീലിയൻ താരം റൊണാൾഡോ നസാരിയോ. സാവോ പോളോയിലെ സാവോ ജോസ് ഡോസ് കാംപോസ് ദൈവാലയത്തിലായിരുന്നു 46കാരനായ റൊണാൾഡോയുടെ മാമ്മോദീസ നടന്നത്. സോഷ്യൽ മീഡിയ പേജുകളിലൂടെ റൊണാൾഡോ നസാരിയോ തന്നെയാണ് ഇക്കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞത്.
മാമ്മോദീസ മുങ്ങിയിട്ടില്ലായിരുന്നുവെങ്കിലും ചെറുപ്പം മുതലേ ക്രിസ്തീയ വിശ്വാസം ജീവിതത്തിന്റെ അടിസ്ഥാനമായി കരുതിയിരുന്നു. ഇന്ന് ഈ കൂദാശയോടെ വീണ്ടും ദൈവത്തിന്റെ കുഞ്ഞായി മാറിയ ഒരു അനുഭവമാണ് തനിക്കുള്ളതെന്ന് റൊണാൾഡോ മാമ്മോദീസ സ്വീകരിച്ച ശേഷം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
തന്റെ മാമ്മോദീസയുടെ നിരവധി ഫോട്ടോകളും റൊണാൾഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമിൽകാറും, മാലുവുമാണ് റൊണാൾഡോയുടെ ജ്ഞാനസ്നാന മാതാപിതാക്കൾ. മാമ്മോദീസ എന്ന തന്റെ സ്വപ്നം സാക്ഷാൽക്കരിക്കുവാൻ സഹായിച്ച ഫാ. ഫാബിയോ ഡെ മെലോക്കും, ഫാ. ഡോം ഓസ്‌വാൾഡോക്കും, സാവോ ജോസ് ദേവാലയത്തിനും റൊണാൾഡോ നന്ദി അർപ്പിച്ചു.
അപ്പസ്തോലനായ വിശുദ്ധ യാക്കോബിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സ്പെയിനിലെ സാന്റിയാഗോ ഡെ കോംപോസ്റ്റെലാ കത്തീഡ്രലിലേക്ക് തീർത്ഥാടനം നടത്തിക്കൊണ്ട് താൻ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂടുതൽ അടുക്കുകയാണെന്നതിന്റെ സൂചനകൾ റൊണാൾഡോ നൽകിയിരുന്നു.
ബ്രസീലുകാരനായ റൊണാൾഡോ നസാരിയോ ഫുട്ബാൾ ലോകം കണ്ട ഒരു പ്രതിഭാസമാണ്. 2002 ൽ ബ്രസീൽ വേൾഡ് കപ്പ് നേടിയത് റൊണാൾഡോയുടെ ഗോളിന്റെ മികവിലായിരുന്നു. ആ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പുരസ്കാരവും റൊണാൾഡോ സ്വന്തമാക്കിയിരുന്നു. ഇരു കാലുകൾ കൊണ്ടും അനായാസം ഷൂട്ട് ചെയ്യാനുള്ള മിടുക്കുമാണ് താരത്തെ ഫുട്ബാൾ ചരിത്രത്തിലെ മികച്ച സ്ട്രൈക്കർമാരിലൊരാളാക്കിയത്.
റയൽ മാഡ്രിഡിനും ബാഴ്‌സക്കും വേണ്ടി പന്തുതട്ടിയ റൊണാൾഡോയുടെ കളികൾ പിന്നീട് വന്ന പല താരങ്ങളും കളത്തിൽ പയറ്റി. ഫുട്ബാളിലെ വളർന്നുവരുന്ന തലമുറക്ക് അദേഹം ഒരുപാട് കാര്യങ്ങൾ ബാക്കിവെച്ചാണ് ബൂട്ടഴിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.