വൈദ്യുതി പ്രതിസന്ധി: സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധി: സിബിഐ അന്വേഷണം വേണമെന്ന്  പ്രതിപക്ഷം; കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ഇബി അമിത നിരക്കില്‍ വൈദ്യുതി വാങ്ങുന്നത് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയതിലും സിബിഐ അന്വേഷണം വേണം. കരാര്‍ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ നേതാവ് ഉള്‍പ്പെടുന്ന റെഗുലേറ്ററി കമ്മീഷന്‍ ആണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

വളരെ ലാഭകരമായിരുന്ന ഒരു കരാര്‍ റദ്ദാക്കി, വളരെ വില കൂടിയ ഒരു കരാറിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് കെഎസ്ഇബി എത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പുതിയ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ബോര്‍ഡിന് ഉണ്ടാകുന്ന ഭീമമായ നഷ്ടം ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് ആയി ഈടാക്കാനാണ് ശ്രമിക്കുന്നത്.

എന്നാല്‍ വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. റെഗുലേറ്ററി കമ്മീഷന്‍ ആണ് കരാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായാണ് കമ്മീഷന്‍ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അല്ല കരാര്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്. മുമ്പും ഈ വിഷയം മന്ത്രിസഭയുടെ മുന്നില്‍ വന്നതാണ്. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും, കരാര്‍ നടപ്പായ സാഹചര്യത്തില്‍ അതു റദ്ദു ചെയ്യാനിടയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍ത്താണ് അതു തുടര്‍ന്നു പോകാന്‍ നേരത്തെ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.