അബൂജ: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. പ്ലാറ്റോ സ്റ്റേറ്റില്‍ ഇസ്ലാമിക തീവ്രവാദികള്‍ പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തി. മാംഗു കൗണ്ടിയിലെ കുല്‍ബെന്‍ ഗ്രാമത്തില്‍ സെപ്റ്റംബര്‍ പത്തിന് രാത്രി ഒമ്പതിനാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
ആയുധങ്ങളുമായെത്തിയ ഫുലാനി തീവ്രവാദികള്‍ കുല്‍ബെന്‍ സമൂഹത്തെ ആക്രമിക്കുകയും പത്ത് ക്രൈസ്തവരെ കൊലപ്പെടുത്തുകയുമായിരുന്നു. നൈജീരിയയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാത്രം 27 ക്രിസ്ത്യാനികളാണ് ഭീകരരുടെ ആക്രമണത്തില്‍ പേര്‍ കൊല്ലപ്പെട്ടത്.
ഓഗസ്റ്റ് 14 ന് റിയോം കൗണ്ടിയില്‍പ്പെട്ട ക്വി ഗ്രാമത്തിലെ ഒരു കമ്മ്യൂണിറ്റി ഹൈസ്‌കൂളില്‍ ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ അധ്യാപകരായ റുവാങ് ദന്‍ലാഡിയും ഭാര്യ സാന്ദ്ര ദന്‍ലാഡിയും കൊല്ലപ്പെടുകയും മറ്റ് രണ്ട് ക്രിസ്ത്യന്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം നൈജീരിയയില്‍ 5,500 ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടിട്ടുണ്ടന്ന് കിഴക്കന്‍ നൈജീരിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ (ഇന്റര്‍സൊസൈറ്റി) വ്യക്തമാക്കി. കൂടാതെ, കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ 52,250 ആളുകള്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടതായും ഇന്റര്‍സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു.
നൈജീരിയന്‍ ഭരണഘടന ഓരോരുത്തര്‍ക്കും സ്വതന്ത്രമായി അവരുടെ മതവിശ്വാസം തിരഞ്ഞെടുക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പു നല്‍കുന്നു എന്നു പ്രഖ്യാപിക്കുമ്പോഴും നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
വിശ്വാസം ത്യജിക്കാന്‍ നിര്‍ബന്ധിച്ച് ക്രിസ്ത്യാനികളെ ശരിയത്ത് നിയമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരുന്ന നിരവധി കേസുകള്‍ നൈജീരിയയില്‍ നടന്നിട്ടുണ്ടന്ന് 'അലയന്‍സ് ഡിഫന്‍ഡിങ് ഫ്രീഡം' പ്രധിനിധി മേഗന്‍ മീഡോര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.