ഇന്ന് തിളങ്ങിയത് ബൗളർമാർ; ഡൽഹിയെ അട്ടിമറിച്ച്  ഹൈദരാബാദിന് ജയം

ഇന്ന് തിളങ്ങിയത് ബൗളർമാർ;  ഡൽഹിയെ അട്ടിമറിച്ച്  ഹൈദരാബാദിന് ജയം

അബുദബി: ഐപിഎല്ലിലേക്കു മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിന്നും വിജയവുമായി തിരിച്ചുവന്നു. ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് മൂന്നാം റൗണ്ടില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് വീഴ്ത്തിയത്. 15 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം. തുടർച്ചയായ രണ്ട്  വിജയങ്ങൾക്ക് ശേഷം  ഈ സീസണില്‍ ഡല്‍ഹിക്കേറ്റ ആദ്യ തോല്‍വിയാണിത്.

ബാറ്റ്സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനങ്ങൾ പ്രകമ്പനം തീർത്ത ഏതാനും ദിവസത്തെ  മത്സരങ്ങൾക്ക് ശേഷം,  ഐ.പി.എല്ലിൽ ഇന്ന് കളിച്ചത് ബൗളർമാർ. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 162 റൺസിൻറെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി കാപ്പിറ്റൽസിന്  ഏഴ് വിക്കറ്റിന് 147 റൺസ് മാത്രമേ എടുക്കാനായുള്ളൂ.  നാലോവറിൽ 14 റൺസിന് 3 വിക്കറ്റെടുത്ത റാഷിദ് ഖാന്റെ  പന്തുകൾക്ക് മുമ്പിൽ ഡൽഹി നട്ടം തിരിഞ്ഞു. 

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിങ്ങിയ ഡൽഹിക്ക് തുടക്കത്തിലേ പ്രഥ്വി ഷായെ നഷ്ടമായി. തുടർന്നെത്തിയവരിൽ ആർക്കും മാച്ച് വിന്നിങ് ഇന്നിങ്സ് പടുത്തുയർത്താനായില്ല. ശിഖർ ധവാൻ 34ഉം ഋഷഭ് പന്ത് 28ഉം ഷിംറോൺ ഹെറ്റ്മെയർ 21ഉം റൺസെടുത്തു പുറത്തായി.

നേരത്തേ, 33 പന്തുകളിൽ നിന്നും 45 റൺസെടുത്ത ഡേവിഡ് വാർണറും 48 പന്തുകളിൽ നിന്നും 53 റൺസെടുത്ത ജോണി ബെയർസ്റ്റോയും ചേർന്നാണ് ഹൈദരാബാദ് ഇന്നിങ്സിന് അടിത്തറയൊരുക്കിയത്. അവസാന ഓവറുകളിൽ 26 പന്തുകളിൽ നിന്നും 41 റൺസുമായി തിളങ്ങിയ കെയ്ൻ വില്യംസണും ചേർന്നതോടെ ഹൈദരാബാദിന് ഭേദപ്പെട്ട സ്കോറായി.

അവസാന ഓവറുകളിൽ റൺസ് വഴങ്ങുന്നതിൽ പിശുക്കുകാട്ടിയ ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദയാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ മികച്ച സ്കോർ കുറിക്കുന്നതിൽ നിന്നും തടുത്തുനിർത്തിയത്. നാലോവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്ത റബാദ രണ്ടുവിക്കറ്റും വീഴ്ത്തി. ക്രീസിൽ ഉറച്ചുനിന്ന ബെയർസ്റ്റോക്ക് അവസാന ഓവറുകളിൽ തകർത്തടിക്കാൻ കഴിയാതിരുന്നതും ഹൈദരാബാദിന് വിനയായി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.