വായിലെ അസാധാരണ രുചിയെ തള്ളിക്കളയല്ലേ..?

വായിലെ അസാധാരണ രുചിയെ തള്ളിക്കളയല്ലേ..?

ഭക്ഷണത്തിന്റെ രുചി കഴിച്ച് കഴിഞ്ഞാലും അല്‍പ സമയം വായില്‍ നില്‍ക്കാറുണ്ട്. എന്നാല്‍ ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരും. അത് ശുചിത്വമില്ലായ്മ മൂലം സംഭവിക്കുന്നതല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന അസ്വസ്ഥതകള്‍ പലപ്പോഴും ഇതിന് പിന്നിലുണ്ട് എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം.

നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല എന്നതാണ് സത്യം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുന്നോട്ടുള്ള ജീവിതത്തിനും വളരെ അത്യാവശ്യമുള്ളതാണ്.

കയ്പ്പുരസം

പലപ്പോഴും പനി പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ വായില്‍ കയ്പ്പ് രസം തോന്നുന്നു. എന്നാല്‍ ചിലത് ദോഷകരമല്ലാത്തതും ചിലത് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നതും ആയിരിക്കും. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കും വായിലേക്കും തിരിച്ച് ഒഴുകുന്നതിന്റെ ഫലമായാണ് പലപ്പോഴും കയ്പ്പ് കൂടുന്നത്. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കില്‍ മൂക്കിലെ പ്രശ്നങ്ങള്‍ എന്നിവയും ഇത്തരം രുചി വ്യത്യാസത്തിന് കാരണമാകുന്നു. ഇത് കൂടാതെ ചില മരുന്നുകള്‍, മോശം ദന്ത ശുചിത്വം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, സമ്മര്‍ദ്ദം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നതാണ്.

പുളിച്ച രുചി

വായില്‍ പലപ്പോഴും പുളിച്ച രുചി ഉണ്ടാവുന്നതാണ്. ഇതിന് പിന്നിലെ കാരണം എന്നത് പലപ്പോഴും ആസിഡ് റിഫ്ളക്സ് മൂലമാണ്. വയറ്റില്‍ ആസിഡ് ഉണ്ടാവുന്നതാണ് പലപ്പോഴും പുളിച്ച രുചി വായില്‍ അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് കൂടാതെ ശുചിത്വമില്ലായ്മയും ദന്തസംബന്ധമായ പ്രശ്നങ്ങളും ഉണ്ടെങ്കില്‍ നിങ്ങളില്‍ ഇത്തരം രുചി അനുഭവപ്പെടുന്നതാണ്. പലപ്പോഴും ബാക്ടീരിയകള്‍ രുചി മുകുളങ്ങളെ ബാധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് കൂടാതെ, ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ചില സ്ത്രീകളില്‍ ഈ രുചി വ്യതിയാനത്തിലേക്ക് എത്തിക്കും.

ഉപ്പ് രുചി

ഉപ്പ് രുചിയും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. സാധാരണ അവസ്ഥയില്‍ ഉപ്പ് രുചി നിങ്ങളുടെ നാവിലെ രുചി മുകുളങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണെങ്കിലും ഏത് അവസ്ഥയിലും വായില്‍ ഉപ്പ് രസം അനുഭവപ്പെടുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കാരണം ഇത് നിങ്ങളില്‍ ആശങ്കാജനകമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഉമിനീര്‍ ഉത്പാദനം കുറയുന്നത് പലപ്പോഴും വായിലെ സോഡിയത്തിന്റെ അളവിനെ പ്രശ്നത്തിലാക്കുന്നു. ഇതിന് പ്രധാന കാരണം പലപ്പോഴും നിര്‍ജ്ജലീകരണമാണ്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരിലും ഇതേ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതിനാല്‍ വൃക്ക സംബന്ധമായ പ്രശ്നങ്ങളേയും ഈ രുചിയിലൂടെ കരുതിയിരിക്കണം.

ലോഹ രുചി

പലര്‍ക്കും വായില്‍ ലോഹ രുചി അഥവാ മെറ്റാലിക് ടേസ്റ്റ് അനുഭവപ്പെടാം. എന്നാല്‍ ഇത് എന്തുകൊണ്ടാണെന്ന് പലര്‍ക്കും അറിയില്ല. നല്ലൊരു ശതമാനം ആളുകളും ഇതിനെ നിസാരവത്കരിക്കുകയും അത് കൂടാതെ രോഗാവസ്ഥ ഗുരുതരമാവുമ്പോള്‍ മാത്രം പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുകയും ചെയ്യുന്നു. മോണ രോഗം മൂര്‍ച്ഛിച്ചവരില്‍ ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. ഇത് കൂടാതെ നിങ്ങളില്‍ കരള്‍ സംബന്ധമായ രോഗാവസ്ഥകള്‍ ഉണ്ടെങ്കിലും ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. വിറ്റാമിന്‍ കുറവുകളുടെ ഫലമായും ഇത്തരത്തില്‍ വായില്‍ ലോഹരുചി വര്‍ദ്ധിപ്പിക്കുന്നു.

മധുരം

മധുരം എല്ലാവര്‍ക്കും ഇഷ്ടമുള്ളതാണ്. എന്നാല്‍ മധുരം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരില്‍ പോലും ചില സമയങ്ങളില്‍ മധുര രുചി അനുഭവപ്പെടുന്നു. അതിന്റെ കാരണമായി പറയുന്നത് പലപ്പോഴും പ്രമേഹത്തിന്റെ അളവ് കൂടുന്നതാണ്. പ്രമേഹത്തിന്റെ അളവ് വര്‍ധിക്കുന്ന അവസ്ഥയില്‍ പലപ്പോഴും വായില്‍ മധുര രുചി അനുഭവപ്പെടുന്നു. രക്ത പ്രവാഹത്തില്‍ അധിക ഗ്ലൂക്കോസിന്റെ സാന്നിധ്യം മൂലമാണ് ഈ രുചി ഉണ്ടാകുന്നത്. ഇത് ഉമിനീര്‍ പോലുള്ളവ വഴിയാണ് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നത്. ഇതിന്റെ ഫലമായി വര്‍ധിച്ചുവരുന്ന ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, കാഴ്ച മങ്ങല്‍ എന്നിവയും ശ്രദ്ധിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.