യു.എ.ഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 13 ടണ്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി

യു.എ.ഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 13 ടണ്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി

ദുബായ്: യു.എ.ഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വാതിലുകളിലും പാനലുകളിലും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 13 ടണ്‍ ക്യാപ്റ്റഗണ്‍ ഇനത്തില്‍പെട്ട മയക്കുമരുന്ന് ഗുളികകളാണ് പോലീസ് പിടികൂടിയത്. 3.87 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന മയക്കുമരുന്ന് കടത്തിയ ആറ് പ്രതികളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയില്‍ മയക്കുമരുന്നിനെതിരായി ശക്തമായ പരിശോധന നടന്നുവരുന്നതിനിടെയാണ് അറസ്റ്റുണ്ടാകുന്നത്.

തടി കൊണ്ടുള്ള 651 വാതിലുകളിലും 432 അലങ്കാര പാനലുകളിലുമായാണ് 13 ടണ്‍ നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ സംഘം കടത്താന്‍ ശ്രമിച്ചത്. അഞ്ച് ഷിപ്പിംഗ് കണ്ടെയ്നറുകളിലായി രാജ്യത്തേക്കു മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രതികളെ കൈയോടെ പിടികൂടിയതായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്ത സ്ഥലം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ദുബായ് പോലീസിന്റെ ഓപ്പറേഷന്‍ സ്റ്റോം എന്നറിയപ്പെടുന്ന ലഹരി വേട്ടയിലൂടെ മൊത്തം 86 ദശലക്ഷം ഗുളികകളാണ് പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രി പങ്കുവെച്ച ഒരു വീഡിയോയില്‍ പോലീസ് പ്രതികളെ പിന്തുടരുന്നതും ഓരോരുത്തരെയായി അറസ്റ്റ് ചെയ്യുന്നതും വാതിലുകളും പാനലുകളും പൊളിച്ച് അവയില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുന്നതും കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.