സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍: 19.69 ശതമാനം പേര്‍ അനര്‍ഹര്‍; ഗുരുതര കണ്ടെത്തലുകളുമായി സിഎജി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ക്ഷേമ പെന്‍ഷന്‍: 19.69 ശതമാനം പേര്‍ അനര്‍ഹര്‍; ഗുരുതര കണ്ടെത്തലുകളുമായി സിഎജി

തിരുവനന്തപുരം: സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ തുറന്നു കാട്ടി രൂക്ഷ വിമര്‍ശനവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). അര്‍ഹതപ്പെട്ടവര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നിരസിക്കപ്പെട്ടിട്ടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി സിഎജി കണ്ടെത്തി.

പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനു ശേഷവും അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കി. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാത്തവര്‍ക്കും പെന്‍ഷന്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലുള്ള ഗുണഭോക്താക്കളില്‍ 19.69 ശതമാനം പേര്‍ക്ക് സാമൂഹ്യ ക്ഷേമ പെന്‍ഷന് അര്‍ഹതയില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017-2018 സാമ്പത്തിക വര്‍ഷം മുതല്‍ 2020-2021 സാമ്പത്തിക വര്‍ഷം വരെയുള്ള കാലത്തെ കണക്കുകളിലാണ് വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

ഇക്കലയളവില്‍ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 29,622.67 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനായി അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധയുണ്ടായി. ഒരേ ഗുണഭോക്താക്കള്‍ക്ക് രണ്ട് വ്യത്യസ്ത പെന്‍ഷനുകള്‍ അനുവദിച്ചു.

പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ല. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ല. പെന്‍ഷന്‍ പ്രതിമാസം നല്‍കാതെ മാസങ്ങളുടെ ബാച്ചുകളായാണ് നല്‍കിയത്. ഇത് യഥാസമയം പെന്‍ഷന്‍ നല്‍കുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തി.

തെറ്റായ ബില്‍ പ്രോസസിങിലൂടെ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടു. വിധവാ പെന്‍ഷന്‍ വിതരണത്തിലും ക്രമക്കേടുകള്‍ സംഭവിച്ചു. ഭര്‍ത്താവ് മരിച്ച ഒറ്റപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കുന്ന വിധവാ പെന്‍ഷന്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കും നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ 1.80 കോടി രൂപയാണ് ക്രമരഹിതമായി നല്‍കിയത്.

ഒരു പെന്‍ഷന്‍ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെന്‍ഷന്‍ സോഫ്റ്റ് വെയര്‍ നവീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.