മന്ത്രവാദിയായ കാമുകനുവേണ്ടി രാജകൊട്ടാരവും പദവിയും ഉപേക്ഷിച്ച് മാര്‍ത്ത; നോര്‍വേ രാജകുമാരിയും അമേരിക്കക്കാരന്‍ ഡ്യൂറെകും വിവാഹിതരാകുന്നു

മന്ത്രവാദിയായ കാമുകനുവേണ്ടി രാജകൊട്ടാരവും പദവിയും ഉപേക്ഷിച്ച് മാര്‍ത്ത; നോര്‍വേ രാജകുമാരിയും അമേരിക്കക്കാരന്‍ ഡ്യൂറെകും വിവാഹിതരാകുന്നു

ഓസ്ലോ: രാജകുടുംബാംഗങ്ങളുടെ പ്രണയ കഥകള്‍ അങ്ങാടിയില്‍ പാട്ടാകുന്നത് പതിവാണ്. വ്യത്യസ്ത രാജകുടുംബങ്ങള്‍ തമ്മിലും രാജകുടുംബാംഗങ്ങളുടെ പുറത്തുള്ള പ്രണയങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

എന്നാല്‍ മന്ത്രവാദിയായ കാമുകനുവേണ്ടി രാജകൊട്ടാരവും പദവിയും ഉപേക്ഷിച്ചിരിക്കുകയാണ് നോര്‍വീജിയന്‍ രാജകുമാരിയായ മാര്‍ത്ത ലൂയിസ്. അമേരിക്കക്കാരനായ മന്ത്രവാദിയും ബദല്‍ തെറാപ്പിസ്റ്റുമായ ഡ്യൂറെക് വെററ്റുമായാണ് മാര്‍ത്ത വിവാഹത്തിനൊരുങ്ങുന്നത്.

അടുത്ത വര്‍ഷം ഓഗസ്റ്റ് 31 ന് തങ്ങള്‍ വിവാഹമെന്ന് മാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഡ്യൂറെകിനൊപ്പമുള്ള ഒരു ചിത്രവും മാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്.

നോര്‍വീജിയന്‍ രാജാവ് ഹെറാള്‍ഡ് അഞ്ചാമന്റെയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് മാര്‍ത്ത. ഡ്യുറെകുമായി പ്രണയത്തിലായ അമ്പത്തൊന്നുകാരിയായ മാര്‍ത്ത കഴിഞ്ഞ വര്‍ഷം രാജകുടുംബത്തിന്റെ എല്ലാ പദവികളില്‍നിന്നും ഒഴിഞ്ഞിരുന്നു.


പ്രണയത്തിന്റെ പേരില്‍ കൊട്ടാരത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും തുടര്‍ന്ന് രാജ്യത്തേയും മുന്‍ ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മാര്‍ത്ത അമേരിക്കയിലെത്തുകയുമായിരുന്നു. ഡ്യുറെകിനൊപ്പം ബദല്‍ മരുന്ന് വ്യാപാരത്തില്‍ സജീവമാണ് ഇപ്പോള്‍ മാര്‍ത്ത.

മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വിവരം രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനു വേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി.

2022 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നോര്‍വേയിലെ രണ്ടാമത്തെ വലിയ നഗരമായ ബെര്‍ഗനില്‍ നിന്ന് 265 കിലോമീറ്റര്‍ വടക്കുള്ള ഗീറഞ്ചറില്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 31 നാണ് വിവാഹം നടക്കുക. പിന്നീട് ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ വിവാഹത്തില്‍ മാര്‍ത്തയ്ക്ക് മൂന്നു മക്കളുണ്ട്. 2017 ലാണ് മാര്‍ത്ത ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. രണ്ടു വര്‍ഷത്തിന് ശേഷം 2019 ലെ ക്രിസ്മസ് ദിനത്തില്‍ മുന്‍ ഭര്‍ത്താവായ അറി ബെഹ്ന്‍ ആത്മഹത്യ ചെയ്തു.

മരണത്തില്‍ നിന്ന് പുനര്‍ജനിച്ചയാളാണ് താനെന്നും അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രം ആക്രമണം രണ്ടു വര്‍ഷം മുമ്പ് പ്രവചിച്ചിരുന്നുവെന്നും മാര്‍ത്തയുടെ കാമുകന്‍ ഡ്യുറെക് അവകാശപ്പെടുന്നുണ്ട്.

തനിക്ക് മാലാഖമാരുമായി ബന്ധമുണ്ടെന്ന മാര്‍ത്തയുടെ അവകാശവാദവും ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ ഒരു രാജപദവിയും മാര്‍ത്ത വഹിക്കുന്നില്ലെന്ന് നോര്‍വേ റോയല്‍ ഹൗസ് വ്യക്തമാക്കിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.