പുനസംഘടന പ്രതിച്ഛായ മാറ്റുമോ; അതോ, പ്രതിസന്ധി കൂട്ടുമോ?..

പുനസംഘടന പ്രതിച്ഛായ മാറ്റുമോ; അതോ, പ്രതിസന്ധി കൂട്ടുമോ?..

മന്ത്രിസഭാ പുനസംഘടന 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിലെത്തുമോ എന്നുള്ള ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളെ പോലും പിണക്കാനാകാത്ത സാഹചര്യത്തിലാണ് മുന്നണിയിലെ മുഖ്യ പാര്‍ട്ടിയായ സിപിഎം.

കൊച്ചി: മന്ത്രിസഭാ പുനസംഘടനയ്‌ക്കൊരുങ്ങുകയാണ് പിണറായി സര്‍ക്കാര്‍. മുഖം മിനുക്കലാണ് പ്രധാന ലക്ഷ്യം.

ഭരണതലത്തിലുണ്ടായ വലിയ പാളിച്ചകള്‍, ഭരണത്തലവനായ മുഖ്യമന്ത്രിക്ക് നേരെ വരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍, നികുതിയായ നികുതികള്‍ മുഴുവന്‍ കൂട്ടിയിട്ടും തുടരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രി എ.സി മൊയ്തീന്‍, മുന്‍ എംപി പി.കെ ബിജു എന്നിവര്‍ക്കെതിരായ ഇ.ഡി അന്വേഷണം, അവസാനം സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ ഗൂഢാലോചനാ വിവാദം തുടങ്ങി പല കാരണങ്ങള്‍ക്കൊണ്ടും പ്രതിച്ഛായ നഷ്ടപ്പെട്ട് നില്‍ക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാര്‍.

ഇതിന്റെയൊക്കെ പ്രതിഫലനമാണ് തൃക്കാക്കരയ്ക്ക് പിന്നാലെ പുതുപ്പള്ളിയിലും ഏറ്റ വന്‍ തിരിച്ചടി. സര്‍ക്കാരിനെതിരെ എന്ത് ആരോപണം ഉണ്ടായാലും അതെല്ലാം പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടി മാത്രമാണെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും പറഞ്ഞ് ന്യായീകരണവാദമുയര്‍ത്തുന്ന ഭരണ നേതൃത്വത്തിന് ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകൂടിയായി തിരഞ്ഞെടുപ്പ് ഫലം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടത്തു വരുന്ന സാഹചര്യത്തില്‍ കാലത്തിന്റെ ചുവരെഴുത്ത് കണ്ടില്ലെന്നു നടിച്ചാല്‍ ഇനിയും വലിയ തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഇടത് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മന്ത്രിസഭയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മറികടക്കാനാകുന്നതാണോ നഷ്ടപ്പെട്ട പ്രതിച്ഛായ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.

2018 ലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കിറ്റ് വിതരണവുമൊക്കെയായി ഇതിലും മെച്ചപ്പെട്ട സാഹചര്യത്തില്‍ 2019 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോലും ഇരുപതില്‍ ആലപ്പുഴകൊണ്ട് മാത്രം തൃപ്തിപ്പെടേണ്ടി വന്നതും പാഠമായി ഇടത് നേതൃത്വത്തിന്റെ മുന്നിലുണ്ട്.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ ശൈലിക്കെതിരെ സിപിഎമ്മിലും ഇടത് മുന്നണിയിലും മുറുമുറുപ്പുണ്ടെങ്കിലും അത് തുറന്നു പറയാന്‍ പലര്‍ക്കും ധൈര്യമില്ല. മകള്‍ വീണാ വിജയനെതിരായ മാസപ്പടി ആരോപണം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആഘോഷിച്ചിട്ടും മുഖ്യമന്ത്രി അതേപ്പറ്റി പ്രതികരിക്കാതിരുന്നത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെന്ന് സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.

ഭരണത്തലവനെതിരെ പ്രതിപക്ഷം നിരന്തരം ആക്രമണം നടത്തുമ്പോള്‍ പുതിയ മന്ത്രിമാര്‍ വന്നതുകൊണ്ടോ, നിലവിലുള്ള മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റി നല്‍കിയതു കൊണ്ടോ കാര്യമായ ഗുണം ചെയ്യില്ലെന്ന് കരുതുന്ന നിരവധി നേതാക്കള്‍ ഇടത് മുന്നണിയിലുണ്ട്. മാത്രമല്ല, ടേം വ്യവസ്ഥ പാലിക്കാനാണെങ്കില്‍ പോലും കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലെടുത്താല്‍ അത് സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മോശമാകുമെന്നും മുന്നണിയിലെ ഒരു വിഭാഗം കരുതുന്നു.

മുന്‍ ധാരണ പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന മുറയ്ക്ക്് ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറി കെ.ബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനം നല്‍കണം. ഇതോടനുബന്ധിച്ചാണ് മന്ത്രിസഭയില്‍ മറ്റ് ചില മാറ്റങ്ങള്‍ക്കും മുന്നണി നേതൃത്വം തയ്യാറെടുക്കുന്നത്.

എ.എന്‍ ഷംസീര്‍ സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറി മന്ത്രിസഭയിലെത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പകരം സ്പീക്കറായേക്കുമെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചില മന്ത്രിമാരുടെ വകുപ്പുകള്‍ മാറിയേക്കുമെന്ന സൂചനകളും വരുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പുനസംഘടനയ്‌ക്കൊരുങ്ങുന്നത്. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായപ്പോള്‍ അദേഹം കൈകാര്യം ചെയ്തിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് അന്ന് സ്പീക്കറായിരുന്ന എം.ബി രാജേഷിന് നല്‍കിയിരുന്നു. പകരം എ.എന്‍ ഷംസീര്‍ സ്പീക്കര്‍ പദവിയിലെത്തുകയും ചെയ്തു.

മന്ത്രിസഭയില്‍ അഴിച്ചു പണി എന്ന സൂചന ലഭിച്ചതോടെ ചെറുകിട പാര്‍ട്ടികളിലെ എംഎല്‍എമാര്‍ അവകാശ വാദങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. കുട്ടനാട് എംഎല്‍എ എന്‍സിപിയിലെ തോമസ് കെ. തോമസാണ് ഇക്കാര്യത്തില്‍ ആദ്യം വെടി പൊട്ടിച്ചത്. വനം മന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി തന്നെ മന്ത്രിയാക്കണമെന്നതാണ് അദേഹത്തിന്റെ ആവശ്യം. ദേശീയ നേതൃത്വത്തിന്റെ അറിവോടെ ഇക്കാര്യത്തില്‍ ധാരണ ഉണ്ടാക്കിയിട്ടുള്ളതാണെന്നും തോമസ് കെ. തോമസ് അവകാശപ്പെടുന്നു.

വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ മാറ്റി മാത്യൂ ടി. തോമസിനെ മന്ത്രിയാക്കണമെന്ന് ജെഡിഎസിലെ ഒരു വിഭാഗം ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. കെ.പി മോഹനനെ മന്ത്രിയാക്കണമെന്ന് എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള എല്‍ജെഡിയും ആവശ്യപ്പെട്ടു കഴിഞ്ഞു. അഞ്ച് തവണ എംഎല്‍എയായ തന്നെ മന്ത്രിയാക്കണമെന്ന ആവശ്യമുന്നയിച്ച് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയതായും പറയുന്നു.

ഇതോടെ മന്ത്രിസഭാ പുനസംഘടന 'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിലെത്തുമോ എന്നുള്ള ആശങ്കയിലാണ് എല്‍ഡിഎഫ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചെറു പാര്‍ട്ടികളെ പോലും പിണക്കാനാകാത്ത സാഹചര്യത്തിലാണ് മുന്നണിയിലെ മുഖ്യ പാര്‍ട്ടിയായ സിപിഎം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.