കേരളം അവഗണിച്ച സാമൂഹ്യ പരിഷ്‌കർത്താവ് : ചാവറ കുര്യക്കോസ് ഏലിയാസച്ചൻ

കേരളം അവഗണിച്ച സാമൂഹ്യ പരിഷ്‌കർത്താവ് : ചാവറ കുര്യക്കോസ് ഏലിയാസച്ചൻ

ഇന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുന്നാൾ. ഒരു അദ്ധ്യാപകനും സാമൂഹ്യ പരിഷ്കർത്താവും പുരോഹിതനും അതിലെല്ലാമുപരി വിശുദ്ധനുമായ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുന്നാൾ ഇന്ന് സീറോ മലബാർ സഭ കൊണ്ടാടുന്നു.

1805 ഫെബ്രുവരി 10ന് കേരളത്തിലെ കൈനകരി എന്ന കുട്ടനാടൻ ഗ്രാമത്തിൽ കുര്യാക്കോസിന്റെയും മറിയത്തിന്റെയും മക്കളിൽ മൂന്നാമനായി കുര്യാക്കോസ് ഏലിയാസ് ജനിച്ചു. കുഞ്ചാക്കോച്ചൻ എന്ന വിളിപ്പേരാണ് അമ്മ നൽകിയത് . 1811ൽ പണ്ഡിതനായ ഒരു ആശാന്റെ കീഴിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. 1817ൽ തന്റെ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ ചേർന്ന അദ്ദേഹം അഞ്ചു വർഷം കൊണ്ട് തമിഴിലും മലയാളത്തിലും പ്രാവീണ്യം നേടി .

1816ൽ, തന്റെ പതിനൊന്നാം വയസ്സിൽ പള്ളിപ്പുറത്ത് സെമിനാരിയിൽ ചേർന്നു. പാലക്കൽ തോമ്മാ മൽപ്പാന്റെയും പോരൂക്കര തോമാ മല്പാൻറെയും കീഴിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു ഏലിയാസ്.  പാലക്കൽ തോമ്മാ മല്പാനും പോരൂക്കര തോമ്മാ മല്പാനും കണിയാന്തറ യാക്കോബ് ബ്രദറും ചേർന്ന സ്ഥാപിച്ച 'അമലോത്ഭവ ദാസസംഘം' എന്ന ഒരു സന്യാസസഭയാണ് പിന്നീട് 'കാർമലൈറ്റ് മേരി ഓഫ് ഇമ്മാക്കുലേറ്റ്' (സി എം ഐ) സഭ ആയതു. അമലോത്ഭവ ദാസസംഘത്തിൽ ഏലിയാസച്ചൻ ആദ്യമായി പട്ടം സ്വീകരിച്ച് വൈദികനായി.അപ്പോഴേയ്ക്കും തോമ്മാ മൽപ്പാനും പോരൂക്കര മൽപ്പാനും മരണമടഞ്ഞിരുന്നു. 1855ൽ 'കാർമലൈറ്റ് മേരി ഓഫ് ഇമ്മാക്കുലേറ്റ്' (സി എം ഐ) എന്ന പേരിൽ പൊന്തിഫിക്കൽ അംഗീകാരം നേടുകയും ആദ്യോഗികമായി സി എം ഐ സഭ നിലവിൽ വരികയും ചെയ്തു. ഈ സഭയുടെ ആദ്യത്തെ വ്രതവാഗ്ദാനം നടത്തിയ സന്യാസിയും അതിന്റെ ആദ്യത്തെ പ്രിയോർ ജനറാളും ചാവറ പിതാവായിരുന്നു.

1844ൽ മല്പാൻ സ്ഥാനം ലഭിച്ച അച്ചൻ ആ അവസരം സാമൂഹ്യ പരിഷ്കരണത്തിന് നന്നായി വിനിയോഗിച്ചു. ബ്രാഹ്മണരൊഴിച്ച് മറ്റെല്ലാവർക്കും നിഷിദ്ധമായിരുന്ന സംസ്കൃത ഭാഷ എല്ലാവരിലേക്കും എത്തിക്കാൻ മാന്നാനത്ത് ഒരു സംസ്കൃത വിദ്യാലയം സ്ഥാപിച്ചു. വളരെ വിപ്ലവകാത്മകമായ ഒരു ചുവടുവയ്പ്പായിരുന്നു അത്.  പള്ളിയോടൊപ്പം പള്ളിക്കൂടം തുടങ്ങിയ അച്ചൻ തന്നെയാണ് സ്കൂളിൽ ഉച്ചഭക്ഷണം തുടങ്ങിയതും.


1861 ൽ വികാരിജനറാളായ അച്ചൻ അന്നത്തെ റോക്കോസ് ശീശ്മയിൽനിന്നും കേരളസഭയെ രക്ഷിക്കാൻ തന്റെ സ്ഥാനം ഉപയോഗപ്പെടുത്തി. അച്ചൻ മാർപാപ്പയ്ക്ക് കത്തെഴുതുകയും റോമിൽനിന്നുമുള്ള ഇടപെടലിൽ റോക്കോസ് സ്ഥാനഭ്രഷ്ടനാകുകയും ചെയ്തു. ശീശ്മയിൽപെട്ടവർക്ക് ജനറാളച്ചൻ മാപ്പ് വാങ്ങിക്കൊടുത്തു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി അച്ഛൻ ചെയ്ത സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഒൻപതാം പിയൂസ് മാർപാപ്പ അച്ഛന് കത്തയച്ചു.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കമിട്ടതും സെന്റ് ജോസഫ്‌സ് പ്രസ് , ദീപിക ദിനപ്പത്രം എന്നിവ സ്ഥാപിച്ചതും അച്ചൻ തന്നെ . ' നല്ലയപ്പന്റെ ചാവരുൾ ', 'ധ്യാന സല്ലാപങ്ങൾ', ' അഞ്ചുകുറിപ്പ് ' ' ആത്മാനുതാപം' എന്നിവ അച്ചന്റെ എണ്ണമറ്റ കൃതികളിൽ ചിലതുമാത്രം. 1864ൽ കേരളത്തിലെ ആദ്യത്തെ സന്യാസിനീ സമൂഹമായ CMC സഭയുടെ രൂപീകരണത്തിനും ചാവാറയച്ചൻ കാരണമായി. നാല്പതുമണി ആരാധന ആരംഭിച്ചുകൊണ്ട് ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിച്ചു.പരസ്പരവും പരിശുദ്ധ കുർബാനയെയും സ്നേഹിക്കണമെന്നും തിരുക്കുടുംബത്തിന്റെ സംരക്ഷണം തേടണമെന്നും നിയമങ്ങൾ പാലിക്കണമെന്നും വിശുദ്ധൻ പഠിപ്പിച്ചു.

1871 ജനുവരി 3ന് അറുപത്തി അഞ്ചാം വയസ്സിൽ ചാവറയച്ചൻ നിര്യാതനായി. അച്ചന്റെ ഭൗതികാവശിഷ്ടം അടങ്ങിയിരിക്കുന്നത് മാന്നാനത്ത് ആണ് . 1986 ഫെബ്രുവരി 8ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചാവറയച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ചേർത്തു. 2014 നവംബർ 23ന് ഫ്രാൻസിസ് മാർപാപ്പ അച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

കൈനകരിയിലെ ചാവറയച്ചന്റെ വീട്

ഇത്രയധികം അവഗണിക്കപ്പെട്ട ഒരു സാമൂഹ്യ പരിഷ്‌കർത്താവ് വേറെ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള ചരിത്രപാഠങ്ങളിലോ, പത്തൊൻപതാം നൂറ്റാണ്ടിലെ മലയാളകവിതയുടെ ചരിത്രത്തിലോ ചാവറയച്ചന്റെ നാമമാത്രമായ സാന്നിധ്യംപോലും കാണാനാവില്ല. പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ അച്ചടി പ്രചരിച്ചുവെന്ന പരാമർശത്തിനപ്പുറം കടന്ന് അതിൽ അച്ചനുള്ള നിസ്തുലവും ചരിത്രപരവുമായ പങ്കാളിത്തം അംഗീകരിക്കുന്നവർ അപൂർവം. സാഹിത്യചരിത്രത്തിലേക്കുവന്നാലും ഇതുതന്നെയാണ് അവസ്ഥ. ഏതാനും ചില നമ്പൂതിരിക്കവികളുടെ ശൃംഗാരകാവ്യരചനയുടെ ചരിത്രമായി ഇരുപതാം നൂറ്റാണ്ടിന് തൊട്ടുമുമ്പുള്ള ശതകത്തിലെ മലയാളകവിതയുടെ ചരിത്രം പരിമിതപ്പെട്ടിരിക്കുന്നു. ഭോഗാലസതയുടെ  ആ വികലപാരമ്പര്യത്തെയാണ് പിന്നീട് നാരായണഗുരുവും ആശാനും ചേർന്ന് വമ്പിച്ച പരിവർത്തനങ്ങൾക്ക് വിധേയമാക്കിയത്. ഈ സരണിയിലെ ആദ്യപഥികൻ അച്ചനാണെന്ന കാര്യം പലരും വിസ്മരിച്ചു.

അനുബന്ധസമായി ചേർക്കുന്നു:

ചാവറ പിതാവിന്റെ ഒരു പ്രത്യേകത ആയിരുന്നു തനിക്കു അനുഭവപ്പെടുന്ന നന്മകളുടെ ഫലം മറ്റുള്ളവർക്കും ലഭ്യമാക്കുക എന്നുള്ളത്. കൂനമാവ് ആശ്രമത്തിന്റെ പ്രിയൊർ (ആശ്രമ ശ്രേഷ്ടൻ എന്ന അർത്ഥത്തിൽ അന്ന് പൊതുവെ എല്ലാവരും വിളിച്ചിരുന്നത് അങ്ങനെ ആയിരുന്നു) ആയിരുന്ന അവസരത്തിൽ അവിടെ വളരെ മധുരിക്കുന്ന മാമ്പഴം കായ്ക്കുന്ന മാവുകൾ ഉണ്ടായിരുന്നു. അദ്ദേഹം ആ മാമ്പഴം മാത്രമല്ല മാവിൻ തൈകൾ കൂടി മറ്റു സ്ഥലങ്ങളിലേക്കും അയച്ചു കൊടുത്തിരുന്നു. കരണം ആ മാമ്പഴത്തിന്റെ മാധുര്യം എല്ലാവരും അറിയണം എന്ന് അച്ചൻ ആഗ്രഹിച്ചിരുന്നു. പ്രിയോരച്ചൻ കൊടുത്തുവിട്ട മാവിന് ' പ്രിയോർ മാവ് 'എന്ന പേരും നാട്ടുകാര് കൊടുത്തു. ഇതാണ് ഇന്നു നമ്മുടെ വീടുകളിൽ കാണപ്പെടുന്ന പ്രിയൊരു മാവിന്റെ ഉത്ഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.