ബുര്‍ജ് ഖലീഫയെയും മറികടക്കും; ജിദ്ദയില്‍ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

ബുര്‍ജ് ഖലീഫയെയും മറികടക്കും; ജിദ്ദയില്‍ വരുന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം

ജിദ്ദ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജിദ്ദയില്‍ പുനരാരംഭിച്ചതായി ജിദ്ദ ഇക്കണോമിക് കമ്പനി അറിയിച്ചു. ആയിരം മീറ്ററിലേറെ ഉയരത്തിലാണ് ജിദ്ദ ടവര്‍ കെട്ടിടം ഒരുങ്ങുന്നത്.

നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ റെക്കോര്‍ഡാണ് ജിദ്ദ ടവര്‍ മറികടക്കുക. 828 മീറ്ററാണ് ബുര്‍ജ് ഖലീഫയുടെ ഉയരം. പ്രധാന ടവര്‍ ഉള്‍പ്പെടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം 1.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വികസിപ്പിക്കുന്നത്.

നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കരാറിനായി ഈ വര്‍ഷം അവസാനത്തോടെ ലേലം വിളിക്കാന്‍ കരാറുകാരെ ക്ഷണിച്ചിരിക്കുകയാണ് ഇപ്പോള്‍. ബിഡ് തയ്യാറാക്കാന്‍ മൂന്നുമാസത്തെ സമയമാണ് കരാറുകാര്‍ക്ക് നല്‍കിയിരിക്കുന്നത്.

ജിദ്ദ ടവറിലെ താമസ സമുച്ചയത്തില്‍ രണ്ട് മുതല്‍ ആറ് കിടപ്പുമുറികള്‍ വരെയുള്ള ഫ്‌ളാറ്റുകളാണു നിര്‍മിക്കുന്നത്. താമസക്കാര്‍ക്ക് ഉയര്‍ന്ന ജീവിത നിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഷോപ്പിങ് മാള്‍, ബുട്ടീക്, റസ്റ്റോറന്റുകള്‍, ടെന്നീസ് കോര്‍ട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ നിലയവും ഇതോടനുബന്ധിച്ച് സജ്ജമാകും. 2011-ല്‍ പ്രഖ്യാപിച്ച് 2013ല്‍ നിര്‍മാണം ആരംഭിച്ച ടവര്‍ 2019-ല്‍ പൂര്‍ത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. കെട്ടിടത്തിന്റെ മൂന്നിലൊന്ന് ഭാഗം പണി പൂര്‍ത്തിയായി കഴിഞ്ഞു. 50 നില വരെ ഉയര്‍ന്ന കെട്ടിടത്തിന്റെ നിര്‍മാണം പിന്നീട് പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.