ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

കൊളംബോ: ഇന്ത്യയ്ക്ക് എട്ടാം ഏഷ്യന്‍ കപ്പ് കിരീടം. തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവുമായി തിളങ്ങിയ സിറാജിന്റെ മികവില്‍ ശ്രീലങ്കയെ 50 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ ഏഴാം ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ ശ്രീലങ്ക - 50 റണ്‍സിന് ഓള്‍ഔട്ട്, ഇന്ത്യ- വിക്കറ്റ് നഷ്ടം കൂടാതെ 51 (6.1 ഓവര്‍).

നിസാര സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയെ ഓപ്പണര്‍മാര്‍ അനായാസ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഗില്‍ 19 പന്തില്‍ നിന്ന് 27 റണ്‍സും ഇഷാന്‍ കിഷന്‍ 18 പന്തില്‍ നിന്ന് 23 റണ്‍സും നേടി പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് നിര്‍ണായക മല്‍സരത്തില്‍ ലഭിച്ച ടോസിന്റെ ആനുകൂല്യം മുതലാക്കാനാില്ല. ഓപ്പണിംഗ് സ്‌പെല്ലില്‍ തന്നെ ആഞ്ഞടിച്ച ഇന്ത്യന്‍ പേസര്‍മാര്‍ ലങ്കന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കി.

അക്ഷരാര്‍ഥത്തില്‍ ആളിപ്പടരുകയായിരുന്നു സിറാജ്. ആദ്യ ഓവറില്‍ മെയ്ഡന്‍ എറിഞ്ഞ സിറാജ് തന്റെ രണ്ടാം ഓവറില്‍ നാലു വിക്കറ്റുകള്‍ പിഴുത് ലങ്കന്‍ മുന്‍നിരയെ തകര്‍ത്തു. അടുത്ത രണ്ട് ഓവറുകളിലും ഓരോ വിക്കറ്റ് വീതം സിറാജ് പിഴുതതോടെ ലങ്കയുടെ പതനം ഏറെക്കുറെ പൂര്‍ണമായി.

ഒരോവറില്‍ നേടിയ നാലു വിക്കറ്റ് അടക്കം ഏഴ് ഓവറില്‍ 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത സിറാജിന് പാണ്ഡ്യയും ബുംറയും മികച്ച പിന്തുണയേകി. 2.2 ഓവറില്‍ 3 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ അവസാന രണ്ടു പന്തുകളില്‍ വിക്കറ്റെടുത്ത് ലങ്കയെ ഓള്‍ഔട്ടാക്കുകയായിരുന്നു.

ആദ്യ ബ്രേക്ക് ത്രൂ ഇന്ത്യയ്ക്കു സമ്മാനിച്ച ബുംറ അഞ്ചോവറില്‍ 23 റണ്‍സ് വിട്ടുനല്‍കി. 17 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസ് ആണ് ടോപ്‌സ്‌കോറര്‍. മെന്‍ഡിസിനു പുറമെ ദുഷന്‍ ഹേമന്തയ്ക്കു മാത്രമേ രണ്ടക്കം കണ്ടെത്താനായുള്ളു. അഞ്ചു ബാറ്റര്‍മാര്‍ സംപൂജ്യരായി മടങ്ങിയതോടെ ശ്രീലങ്കയ്ക്ക് ഇതു നാണക്കേടിന്റെ മല്‍സരമായി മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.