ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെക്കുറിച്ച് പ്രത്യേക ചര്‍ച്ചയാണ് ഇന്ന് നടക്കുക. നാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറും. 22 വരെയാണ് സമ്മേളനം.
വനിതാ സംവരണ ബില്ലുകള്‍പ്പെടെ നിരവധി ബില്ലുകള്‍ പ്രത്യേക സമ്മേളനത്തില്‍ പരിഗണനക്ക് വന്നേക്കും എന്നാണ് സൂചന. നേരത്തെ പുറത്തു വിട്ട അജണ്ടയുടെ താല്‍ക്കാലിക പട്ടികയില്‍ നാല് ബില്ലുകളാണ് ഇടം പിടിച്ചിരിക്കുന്നത്. എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
അഭിഭാഷക (ഭേദഗതി) ബില്‍ 2023, ദി പ്രസ് ആന്‍ഡ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ 2023 എന്നിവ ലോക്സഭ പരിഗണിക്കും. പോസ്റ്റ് ഓഫീസ് ബില്‍ 2023, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) ബില്‍ 2023 എന്നിവ രാജ്യസഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കും.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്ലും ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള പ്രമേയവും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ ആഴ്ചകളായി ഏറ്റുമുട്ടല്‍ തുടരുകയാണ്.
ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.