ലോകത്തെ മികച്ച രണ്ടാമത്തെ വിമാനത്താവളമെന്ന ബഹുമതി ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്

ലോകത്തെ മികച്ച രണ്ടാമത്തെ വിമാനത്താവളമെന്ന ബഹുമതി ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്

ദോഹ: ലോകത്തെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാംസ്ഥാനം നേടി. മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ്. ബിസിനസ് ട്രാവലര്‍ മാഗസിന്‍ ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതായി ഖത്തര്‍ വാര്‍ത്താ ഏജന്‍സി (ക്യുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പുര്‍ ചാങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡുകളിലൊന്നാണ് ബിസിനസ് ട്രാവലര്‍ അവാര്‍ഡുകള്‍. മാഗസിന്റെ വായനക്കാരില്‍ നിന്നുള്ള വോട്ടുകളുടെ അടിസ്ഥാനത്തില്‍ 30 വര്‍ഷത്തിലേറെയായി പുകസ്‌കാരങ്ങള്‍ നല്‍കിവരുന്നു.

എല്ലാ യാത്രക്കാര്‍ക്കും മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരം വ്യക്തമാക്കുന്നതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ഖത്തറിലേക്കും മിഡില്‍ ഈസ്റ്റിലേക്കുമുള്ള പ്രധാന കവാടമെന്ന നിലയില്‍ ഹമദ് വിമാനത്താവളം വഹിക്കുന്ന പങ്കില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. - ബദര്‍ മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

യാത്രക്കാര്‍ക്ക് ലഭിക്കുന്ന വിശിഷ്ടമായ സൗകര്യങ്ങളാണ് ഹമദ് വിമാനത്താവളത്തിലെ പ്രധാന പ്രത്യേകത. ഡിജിറ്റൈസ്ഡ് സേവനങ്ങളിലൂടെ യാത്രക്കാര്‍ക്ക് നിരവധി കാര്യങ്ങള്‍ പരസഹായമില്ലാതെ ചെയ്യാനാവും. ഭക്ഷണ വൈവിധ്യങ്ങള്‍, ആഡംബര ഷോപ്പിങ് ഓപ്ഷനുകള്‍, വിനോദ-വിശ്രമ സൗകര്യങ്ങള്‍, അന്താരാഷ്ട്ര കലാ ശേഖരങ്ങള്‍ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

വ്യോമയാനരംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന സ്‌കൈട്രാക്സ് ഏജന്‍സി നടത്തുന്ന അവാര്‍ഡ് പ്രഖ്യാപനത്തിലും ഖത്തര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.