ന്യൂഡല്‍ഹി: പഴയ പാര്‍ലമെന്റ് മന്ദിരത്തോട് വിട പറഞ്ഞ് പുതിയ മന്ദിരത്തിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നത് ഏറെ വൈകാരികതയോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ പ്രസംഗിക്കുന്നതിനിടെ പഴയ പാര്‍ലമെന്റ് മന്ദിരത്തിന്റെ എട്ട് പതിറ്റാണ്ടുകള്‍ നീണ്ട ചരിത്രം മോഡി എടുത്തു പറഞ്ഞു.
പുതിയ പാര്‍ലമെന്റിലേയ്ക്ക് മാറുകയാണെങ്കിലും പഴയ കെട്ടിടം പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കും. ഒരുപാട് കയ്പ്പേറിയതും മധുരമുള്ളതുമായ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന കെട്ടിടത്തോടാണ് ഗുഡ് ബൈ പറയുന്നതെന്നും അദേഹം പറഞ്ഞു.
'നമ്മളെല്ലാവരും ഈ ചരിത്രപരമായ കെട്ടിടത്തോട് വിട പറയുകയാണ്. ഞാന്‍ ആദ്യമായി ഈ മന്ദിരത്തില്‍ അംഗമായി പ്രവേശിച്ചപ്പോള്‍ എനിക്ക് ഇത്രയും സ്‌നേഹം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ചന്ദ്രയാന്‍, ജി-20 വിജയങ്ങളില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും അണിയറ പ്രവര്‍ത്തകരെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കുകയാണ്. നേട്ടം ഒരാളുടെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേതുമാണ്'- മോഡി പറഞ്ഞു.
ഇന്ത്യ ലോകത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ലോകം മുഴുവന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഒരു സുഹൃത്തിനെ ലഭിച്ചിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ്. സാങ്കേതിക വിദ്യ, ശാസ്ത്രം, വിവിധ സാധ്യതകള്‍, 140 കോടി ജനങ്ങളുടെ ശക്തി എന്നിവയെല്ലാം രാജ്യത്തിന് ഒരു പുതിയ രൂപം നല്‍കിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
'പ്രഥമ പ്രധാനമന്ത്രി നെഹ്റുവിന്റെ സ്‌ട്രോക്ക് ഓഫ് മിഡ്നൈറ്റ് പ്രസംഗത്തിന്റെ പ്രതിധ്വനി നമ്മെ പ്രചോദിപ്പിക്കും. അടല്‍ ബിഹാരി വാജ്പേയി പറഞ്ഞത് പോലെ ഈ സഭയില്‍ സര്‍ക്കാരുകള്‍ വരും പോകും, പക്ഷേ ഈ രാജ്യം നിലനില്‍ക്കും'- മോഡി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v