എംഎല്‍എമാരുടെ അയോഗ്യത: മഹാരാഷ്ട്ര സ്പീക്കര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

എംഎല്‍എമാരുടെ അയോഗ്യത: മഹാരാഷ്ട്ര സ്പീക്കര്‍ക്ക്  സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നോട്ടീസില്‍ നടപടി സ്വീകരിക്കുന്നത് വൈകുന്നതിനെതിരെയാണ് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

കോടതി വിധി വന്നതിന് ശേഷം സ്പീക്കര്‍ എന്തെടുക്കുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ചോദിച്ചു. തീരുമാനം അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

മെയ് പതിനൊന്നിനാണ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ മഹാരാഷ്ട്ര നിയമസഭ സ്പീക്കറോട് സുപ്രീം കോടതി ഭരണഘടന ബെഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ ആറ് എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ തീരുമാനം അനന്തമായി നീളുകയാണെന്ന് കാണിച്ച് ശിവസേന ഉദ്ധവ് പക്ഷം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രഡൂഢ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്പീക്കര്‍ ഒരു ഭരണഘടനാ പദവിയാണെന്ന് മറക്കരുത്. മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സ്പീക്കര്‍ സ്ഥാനത്തെ അപഹാസ്യപ്പെടുത്താന്‍ കഴിയില്ല. സ്പീക്കര്‍ സ്ഥാനത്തിന്റെ മാന്യത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.