വാഷിങ്ടണ്‍: അമേരിക്കയില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. നെവാഡ സംസ്ഥാനത്തെ റെനോയില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് എയര്‍ റേസസിലാണു ദുരന്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് നിര്‍ത്തിവച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 2.15-നാണ് അപകടമുണ്ടായത്. ടി-6 ഗോള്‍ഡ് റേസിന്റെ സമാപനത്തിനിടെ ലാന്‍ഡ് ചെയ്യുമ്പോഴാണു രണ്ടു വിമാനങ്ങള്‍ കൂട്ടിയിടിച്ചത്. നിക്ക് മാസി, ക്രിസ് റഷിങ് എന്നിങ്ങനെ രണ്ട് വിമാനങ്ങളിലെ പൈലറ്റുമാരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തിന്റെ മറ്റ് അപകടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിദഗ്ധരായ പൈലറ്റുമാരും ടി-6 ക്ലാസ് റേസിങ്ങില്‍ ഗോള്‍ഡ് ജേതാക്കളുമാണ് ഇരുവരുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ന് റേസിങ്ങില്‍ പങ്കെടുത്ത സിക്സ് ക്യാറ്റ് എന്ന വിമാനത്തിന്റെ പൈലറ്റായിരുന്നു നിക്ക്. റഷിങ് ബാരണ്‍സ് റിവഞ്ച് വിമാനത്തിലെ പൈലറ്റുമായിരുന്നു.
അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് (എന്‍.ടി.എസ്.ബി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍.ടി.എസ്.ബിയുടെയും ഫെഡറല്‍ ഏവിയേഷന്‍ അധികൃതരുടെയും അന്വേഷണവുമായി സഹകരിക്കുമെന്ന് ചാമ്പ്യന്‍ഷിപ്പ് സംഘാടകര്‍ വ്യക്തമാക്കി.
അര നൂറ്റാണ്ടിന്റെ മത്സരപഴക്കമുണ്ട് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് എയര്‍ റേസസിന്. ലോകത്തെങ്ങുമുള്ള വ്യോമാഭ്യാസ ആരാധകര്‍ എല്ലാ വര്‍ഷവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളിലൊന്നുമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v