പാട്ടു പോലെ പല വേഷപ്പകര്‍ച്ചകളില്‍ പനച്ചൂരാന്‍; എന്നും ഒപ്പമുണ്ടായിരുന്നത് കവിത മാത്രം

പാട്ടു പോലെ പല വേഷപ്പകര്‍ച്ചകളില്‍ പനച്ചൂരാന്‍; എന്നും ഒപ്പമുണ്ടായിരുന്നത് കവിത മാത്രം

കൊച്ചി: വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്ന സിനിമാ ഗാനത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ ജീവിതവും ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു. കവി, കമ്യൂണിസ്റ്റ്, സന്ന്യാസി, വിഷ വൈദ്യന്‍, വക്കീല്‍, അങ്ങനെ പരസ്പരം ബന്ധപ്പെടാത്ത ജീവിത വേഷങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. പല വേഷപ്പകര്‍ച്ചകളിലും കവിത മാത്രം പനച്ചൂരാന്റെ ഒപ്പമുണ്ടായിരുന്നു.

കവിതയെ ഗാനാലാപനത്തിന്റെ ഈണത്തില്‍ ലയിപ്പിച്ച പ്രതിഭയായിരുന്നു അനില്‍ പനച്ചൂരാന്‍. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം.കോളേജില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ.പ്രവര്‍ത്തകനായിരുന്നു. അതുവഴി ഡി.വൈ.എഫ്.ഐ.യില്‍. പിന്നീട് നേരേ പോയത് സന്യാസത്തിന്. ശ്രീപെരുമ്പത്തൂരെ സ്വാമിയുടെ അനുയായിയായി. ഹരിദ്വാറില്‍ ചെന്ന് സന്ന്യാസവും സ്വീകരിച്ചു.

നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സ്വീകരിച്ചത് പഴയ പാര്‍ട്ടിക്കാരായിരുന്നില്ല. അസുഖം ഭേദമാക്കാനും അത്മശാന്തിക്കും വേണ്ടി അലഞ്ഞവരായിരുന്നു. സ്വാമിയോട് ആര്‍.എസ്.എസുകാരും അടുത്തു. അവിടെയും നിന്നില്ല പനച്ചൂരാന്‍.എല്ലാം വിട്ടെറിഞ്ഞ് ഒടുവില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ ചേര്‍ന്ന് അഭിഭാഷകനായി.

'വലയില്‍ വീണ കിളികളാണു നാം' എന്ന കവിത വഴിയാണ് അനില്‍ പനച്ചൂരാന്‍ മലയാളികളുടെ മനസില്‍ ആദ്യം അടയാളപ്പെടുത്തപ്പെട്ടത്. ഇത് കേള്‍ക്കാനിടയായ സംവിധായകന്‍ ലാല്‍ ജോസ് തന്റെ പുതിയ സിനിമയ്ക്ക് 'ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരം പേരുയരുന്നു' എന്ന മാതൃകയില്‍ ഒരു ഗാനം വേണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് അറബിക്കഥയിലെ 'ചോരവീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം' എന്ന വരികള്‍ പിറന്നത്.

പിന്നിട് പനച്ചൂരാന്‍ മലയാള സിനിമയിലെ തിരക്കേറിയ ഗാന രചയിതാവായി മാറി. കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം, പരുന്ത്, ഷേക്‌സ്പിയര്‍ എം.എ. മലയാളം, ഭഗവാന്‍, ഡാഡികൂള്‍, ഡ്യുപ്ലിക്കേറ്റ്, കപ്പലല്‍ മുതലാളി, ലൗഡ്സ്പീക്കര്‍, മകന്റെ അച്ചന്‍, പാസഞ്ചര്‍, മലയാളി, സമയം, സ്വന്തം ലേഖകന്‍, വിന്റര്‍, ബോഡിഗാര്‍ഡ്, ചേകവര്‍, നല്ലവന്‍, ഒരിടത്തൊരു പോസ്റ്റ്മാന്‍, ഒരു സ്‌മോള്‍ ഫാമിലി, പയ്യന്‍സ്, പെണ്‍പട്ടാളം, റിങ് ടോണ്‍, അര്‍ജുനന്‍ സാക്ഷി, ചൈനാ ടൗണ്‍, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, നോട്ട് ഔട്ട്, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ രചിച്ചു.

വളരെ വൈകിയാണ് മലയാള ചലച്ചിത്ര ലോകം അനില്‍ പനച്ചൂരാനെ തിരിച്ചറിഞ്ഞതെങ്കിലും, വ്യത്യസ്ഥമായ നിരവധി മലയാള ചലച്ചിത്രഗാനങ്ങളും പനച്ചൂരാനിലൂടെ മലയാളിക്ക് ലഭിച്ചു. ഒരു കാലത്ത് സാംസ്‌കാരിക സദസുകളിലും കവിയരങ്ങുകളിലും പനച്ചൂരാന്‍ നിറസാന്നിധ്യമായിരുന്നു. വലയില്‍ വീണ കിളി, അനാഥന്‍, പ്രണയകാലം, പുലപ്പേടി, ഒരു മഴ പെയ്‌തെങ്കില്‍, കര്‍ണ്ണന്‍, കണ്ണീര്‍ക്കനലുകള്‍ എന്നിവയാണ് പ്രധാന കവിതകള്‍. തന്റെ പൂര്‍വികനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അനില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.