മുഖ്യമന്ത്രി ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്തെന്ന് കെ.സുധാകരന്‍

മുഖ്യമന്ത്രി ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്തെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: മുന്‍ വര്‍ഷം നടന്ന ലോക കേരള സഭയുടെ കണക്കുകള്‍ വെളിപ്പെടുത്തണമെന്നും മുഖ്യമന്ത്രി ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്താണെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി പറഞ്ഞു.

സംഭരിച്ച നെല്ലിന്റെ പണം നല്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാന്‍ പോകുന്നത് അഴിമതിയാണെന്നാണ് അദേഹം പറഞ്ഞത്. സൗദിയിലേക്കുള്ള യാത്ര ചെലവിനും മറ്റുമായി ഇതിനോടകം രണ്ട് കോടി ഖജനാവില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്.

ലോക കേരളസഭയുടെ പേരില്‍ നടക്കുന്നത് വന്‍കൊള്ളയും പണപ്പിരിവുമാണ്. അമേരിക്കയില്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ പേരില്‍ വന്‍തോതിലാണ് പ്രവാസികളെ സിപിഎം കൊള്ളയടിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകള്‍കൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

നികുതിപോലും പിരിച്ചെടുക്കാതെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയും മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകള്‍ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയും വികസന പ്രവര്‍ത്തനങ്ങളും മുടങ്ങാതെ ഇരിക്കാന്‍ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കേരളം.

സംസ്ഥാനം തന്നെ വിറ്റാല്‍ പോലും അടച്ച് തീര്‍ക്കാന്‍ കഴിയാത്തയത്ര കട ബാധ്യതയുണ്ട്. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായി ഭരണം കഴിയുമ്പോള്‍ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണെന്നിരിക്കെയാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശ യാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.