ന്യൂഡല്‍ഹി: വനിത സംവരണ ബില്ലിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും.
ഇതോടെ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യപ്പെടും. നിലവില്‍ ലോക്‌സഭയില്‍ വനിതാ എം.പിമാര്‍ 15 ശതമാനത്തിനും നിയമസഭകളില്‍ 10 ശതമാനത്തിനും താഴെയാണ്.
ഭരണ മുന്നണിയായ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമുള്ളതിനാലും കോണ്‍ഗ്രസ് അടക്കം കക്ഷികള്‍ പിന്തുണയ്ക്കുന്നതിനാലും ബില്‍ പാസാക്കാനാകും. പക്ഷേ, വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതു പ്രാബല്യത്തിലാവാന്‍ സാധ്യതയില്ല. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടും. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പാക്കാന്‍ കഴിയും.
ബില്‍ നിയമമായാല്‍ ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളില്‍ വനിതാ സംവരണമാകും. പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിനുള്ളില്‍ വനിതാ സംവരണവും വരും.
എല്ലാ മണ്ഡലങ്ങളിലും സംവരണം ഉറപ്പാക്കാന്‍ റൊട്ടേഷന്‍ വ്യവസ്ഥയുണ്ടാകും. ഓരോ പൊതു തിരഞ്ഞെടുപ്പിനു ശേഷവും സംവരണ സീറ്റുകള്‍ മാറണം. മൂന്ന് തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ എല്ലാ മണ്ഡലങ്ങളിലും സംവരണം ഉറപ്പാക്കും. സംവരണത്തിന് 15 വര്‍ഷ കാലാവധിയും നിശ്ചയിച്ചു.
പാര്‍ലമെന്റ് നടപടികളില്‍ ഇന്ന് രാവിലെ 9.30 ന് നടക്കുന്ന ഫോട്ടോ സെഷന് ശേഷം പഴയ മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാര്‍ അനുഗമിക്കും.
ഉച്ചയ്ക്ക് ഒന്നേകാലിന് പുതിയ മന്ദിരത്തില്‍ ലോക്‌സഭയും രണ്ടിന് രാജ്യസഭയും ചേരും. രാജ്യസഭയില്‍ ചന്ദ്രയാന്‍ വിജയത്തെ കുറിച്ച് ചര്‍ച്ച നടക്കും. തുടര്‍ ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.