അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ: കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം

അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ: കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി; അഞ്ച് ദിവസത്തിനകം രാജ്യം വിടണം

ന്യൂഡല്‍ഹി: കാനഡയില്‍ ഖാലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇന്ത്യ.

കാനഡയുടെ ആരോപണങ്ങള്‍ നിഷേധിച്ച ഇന്ത്യ, സമാനമായ നിലയില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അനാവശ്യമായി ഇടപെടുന്നതിലുള്ള ആശങ്ക ചൂണ്ടിക്കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷം ഖാലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുന്നു എന്നതായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്കും തീവ്രവാദികള്‍ക്കും അഭയം നല്‍കിയ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍. ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഇവരുടെ ഭീഷണി തുടരുകയാണന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നില്‍ വെച്ചാണ് ഹര്‍ദീപ് സിങ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഒരു കനേഡിയന്‍ പൗരന്റെ കൊലപാതകത്തില്‍ ഏതെങ്കിലും വിദേശ സര്‍ക്കാരിന്റെ പങ്കാളിത്തം നമ്മുടെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.