മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം: അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

 മാധ്യമ പ്രവര്‍ത്തകയോട് മോശം പെരുമാറ്റം: അലന്‍സിയറിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരെ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്.പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗല്‍ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അവലപനീയമാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് സ്വീകരിക്കരുതായിരുന്നെന്നും അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്നുമാണ് കമ്മീഷന്റെ വിലയിരുത്തല്‍. ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ പ്രതികരിച്ചത്.

ഈ വിഷയത്തില്‍ പ്രതികരണം തേടിയ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അവഹേളിച്ച് സംസാരിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്.പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.