ലോകകപ്പ് ക്രിക്കറ്റിന്റെ ആരവം അടുത്തുവരുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് ടീം സെലക്ഷനെ കുറിച്ചാണ്. അടുത്തിടെ നിരവധി വിദേശ കളിക്കാര്‍ ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് രംഗത്തുവന്നത് ബിസിസിഐയേയും സെലക്ഷന്‍ കമ്മിറ്റിയെയും ചൊടിപ്പിച്ചിരുന്നു.
അവരല്ല സെലക്ടര്‍മാരെന്നും ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്നു വരെ സെലക്ടര്‍മാര്‍ പറയുന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങളെത്തി. ഇപ്പോഴും ഇതേക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടരുകയാണ്.
എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത് സഞ്ജു സാംസണ് ടീമില്‍ അവസരം ലഭിക്കാത്തതിനെ കുറിച്ചാണ്. മുംബൈ ലോബിയും രോഹിത് ശര്‍മയുമാണ് സഞ്ജുവിനെ തഴയുന്നതിനു പിന്നിലെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.
സഞ്ജുവിനേക്കാള്‍ ഏറെ പിന്നിലുള്ള തിലക് വര്‍മയ്ക്കും ടി20 സ്‌പെഷ്യലിസ്റ്റ് എന്ന് അറിയപ്പെടുന്ന സൂര്യകുമാര്‍ യാദവിനും അവസരം ലഭിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ എന്ന ലേബലില്‍ തിളങ്ങുമ്പോഴും ഏകദിനത്തില്‍ ഇതുവരെ ശോഭിക്കാന്‍ സൂര്യകുമാറിനു സാധിച്ചിട്ടില്ല.
തിലക് വര്‍മയേക്കാള്‍ മികച്ച ബാറ്റിംഗ് ശരാശരിയും അനുഭവ സമ്പത്തും സഞ്ജുവിന് ഉണ്ടെങ്കിലും ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചിട്ടില്ലെന്നതും ആരാധകരെ നിരാശരാക്കുന്നു. ഇതിനു പിന്നില്‍ മുംബൈ ലോബിയുടെയും നായകന്‍ രോഹിത് ശര്‍മയുടെയും കൈകളാണെന്നാണ് ആരാധകരുടെ പക്ഷം.
അതേ സമയം, ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. കെഎല്‍ രാഹുലിന് പകരക്കാരനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ കെഎല്‍ രാഹുല്‍ പരിക്കില്‍ നിന്നു മുക്തനായി തിരിച്ചെത്തിയതോടെ സഞ്ജുവിന് അവസരം ലഭിച്ചില്ല.
അടുത്ത ഓസ്‌ട്രേലിയയ്‌ക്കെതിരായുള്ള പരമ്പരയിലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പിനു മുമ്പുള്ള അവസാന ഏകദിന പരമ്പരയാണിത്. ആദ്യ രണ്ടു മല്‍സരങ്ങളില്‍ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചപ്പോള്‍ കെഎല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. അവസാന മല്‍സരത്തില്‍ നായകന്‍ രോഹിത് ശര്‍മയും മറ്റു സീനിയര്‍ താരങ്ങളും തിരിച്ചെത്തും.
എന്തായാലും പരിശീലനം തുടരുകയാണ് സഞ്ജു. അന്തിമ ടീം പ്രഖ്യാപിക്കുന്നത് സെപ്റ്റംബര്‍ 28നാണ്. അതുവരെ കാത്തിരിക്കുകയാണ് രക്ഷ. എന്നാല്‍ ഇനി തന്റെ മികവ് കാണിക്കുന്നതിന് സഞ്ജുവിനു മുന്നില്‍ മറ്റു മല്‍സരങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതീക്ഷിക്കാന്‍ കാര്യമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.