ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ മുന്‍ പ്രധാനമന്ത്രിയും തന്റെ ജീവിത പങ്കാളിയുമായിരുന്ന രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
രാജീവ് ഗാന്ധിയാണ് ഈ ബില്‍ ആദ്യമായി കൊണ്ടുവന്നത്. സഭ ബില്‍ പാസാക്കിയാല്‍ രാജീവ് ഗാന്ധിയുടെ സ്വപ്നം പൂവണിയുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ഇത് തന്റെ ജീവിതത്തിലേയും വൈകാരിക മുഹൂര്‍ത്തമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യം നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ആദ്യമായി കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. അത് രാജ്യസഭയില്‍ ഏഴ് വോട്ടിന് പരാജയപ്പെട്ടു. പിന്നീട് പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത് രാജ്യസഭയില്‍ പാസാക്കി.
തല്‍ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ രാജ്യത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട 15 ലക്ഷം വനിതാ നേതാക്കള്‍ നമുക്കുണ്ട് എന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. സ്ത്രീകള്‍ ഇതുവരെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരോട് കൂടുതല്‍ വര്‍ഷങ്ങള്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.
വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നത് ഇന്ത്യന്‍ സ്ത്രീകളോട് കാണിക്കുന്ന കടുത്ത അനീതിയാണ്. എല്ലാ തടസങ്ങളും നീക്കി വനിതാ സംവരണ ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. തന്റെ പാര്‍ട്ടി നിയമനിര്‍മ്മാണത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ സ്ത്രീകള്‍ക്കുള്ള 33% ക്വാട്ടയില്‍ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം വേണമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
കഴിഞ്ഞ 13 വര്‍ഷമായി ഇന്ത്യന്‍ സ്ത്രീകള്‍ തങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോള്‍ അവരോട് കുറച്ച് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അത് എത്ര വര്‍ഷമാണ് എന്നും അവര്‍ ചോദിച്ചു. ഈ ബില്‍ ഉടനടി നടപ്പിലാക്കണമെന്നും അതോടൊപ്പം ജാതി സെന്‍സസ് നടത്തി എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.