ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ അവിടെയുള്ള ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
'കാനഡയില്‍ വര്‍ധിച്ചു വരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും കണക്കിലെടുത്ത് അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരും അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു'- കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും മറ്റ് ഇന്ത്യക്കാരെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇന്ത്യന്‍ പൗരന്‍മാര്‍ ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വിദ്യാര്‍ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരോടും വിദ്യാര്‍ഥികളോടും ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലോ ടൊറന്റോയിലെ കോണ്‍സുലേറ്റിലോ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. madad.gov.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തി. നിലവിലുള്ള സ്ഥിതി അദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളായത്. ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്‍മാര്‍ക്ക് ട്രൂഡോ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.