മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീ സുരക്ഷ; പബ്ലിക് ഹിയറിങ് നടത്തും: വനിതാ കമ്മീഷന്‍

മാധ്യമ സ്ഥാപനങ്ങളിലെ സ്ത്രീ സുരക്ഷ; പബ്ലിക് ഹിയറിങ് നടത്തും: വനിതാ കമ്മീഷന്‍

ചങ്ങനാശേരി: മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നേരിട്ടു കേള്‍ക്കുന്നതിനായി കോട്ടയം ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിങ് നടത്തുമെന്ന് കേരള വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. ചങ്ങനാശേരി ഇ.എം.എസ്. ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മീഷന്‍ അധ്യക്ഷ.

മാധ്യമ സ്ഥാപനങ്ങളില്‍ തൊഴില്‍ സുരക്ഷയും സ്ത്രീ സൗഹൃദ അന്തരീക്ഷവും സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതിനായി സംസ്ഥാന സര്‍ക്കാരിലേക്ക് മാര്‍ഗരേഖയും കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി തൊഴിലാളി സംഘടനകള്‍ ശ്രദ്ധിക്കണം. സ്ത്രീകള്‍ക്ക് അന്തസോടെ തൊഴിലെടുക്കാന്‍ സാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. കുടുംബ പ്രശ്നങ്ങളെല്ലാം അതിസങ്കീര്‍ണമായ രീതിയിലേക്ക് മാറുകയാണ്. ഭാര്യ, ഭര്‍ത്താക്കന്മാര്‍ തമ്മിലും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ തമ്മിലുമുള്ള പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമായാണ് ഇന്ന് പലയിടത്തും മുന്നോട്ടു പോകുന്നത്.

മുതിര്‍ന്ന സ്ത്രീകള്‍ക്ക് പ്രത്യേക പരിരക്ഷ ആവശ്യമാണെന്നും അവര്‍ ഒറ്റപ്പെടലുകളും മാനസിക സംഘര്‍ഷങ്ങളും നേരിടുന്നുവെന്നും കമ്മീഷന്‍ പറഞ്ഞു. മുതിര്‍ന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പകല്‍ വീടുകള്‍ സ്ഥാപിക്കണം. വാര്‍ഡ് തലങ്ങളിലെ ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി പൊതുസമൂഹത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.