ന്യൂഡല്‍ഹി: കാനഡയുമായുള്ള ബന്ധം അനുദിനം വഷളാകവേ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. കാനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തി വെച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിസ നല്‍കില്ലെന്നാണ് ഓണ്‍ലൈന്‍ വീസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ അറിയിച്ചിരിക്കുന്നത്.
കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളാണ് ബന്ധം വഷളാവാന്‍ ഇടയാക്കിയത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ തിങ്കളാഴ്ച കാനഡ പുറത്താക്കിയിരുന്നു.
പിന്നാലെ കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യയില്‍ എത്തുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് കനേഡിയന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ എവിടെ പോകുന്നുണ്ടെങ്കിലും അതീവ ജാഗ്രതപുലര്‍ത്തണമെന്നായിരുന്നു നിര്‍ദേശം.
തൊട്ടുപിന്നാലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, കാനഡയില്‍ ഖാലിസ്ഥാന്‍ വാദികളുമായി ബന്ധപ്പെട്ടുള്ള സ്ഥലങ്ങളില്‍ പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പൗരന്മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിന് പുറമേയാണ് ഇപ്പോള്‍ വിസ സര്‍വീസുകളും നിര്‍ത്തി വെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.