നിജ്ജാറിന്റെ കൊലപാതകം: കാനഡ ഒരു വിവരവും ഇന്ത്യയെ ഔദ്യോഗികമായി അറിച്ചിട്ടില്ല; ആരോപണം മുന്‍വിധിയോടെയുള്ളതെന്നും വിദേശകാര്യ മന്ത്രാലയം

നിജ്ജാറിന്റെ കൊലപാതകം: കാനഡ ഒരു വിവരവും ഇന്ത്യയെ ഔദ്യോഗികമായി അറിച്ചിട്ടില്ല; ആരോപണം മുന്‍വിധിയോടെയുള്ളതെന്നും വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് കാനഡ ഒരു വിവരവും ഇതുവരെ ഇന്ത്യയെ ഔദ്യോഗികമായി അറിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംഭവത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം രാഷ്ട്രീയ പ്രേരിതവും മുന്‍വിധിയോടെയുള്ളതുമാണ്. ഇക്കാര്യത്തില്‍ ഇതിനുമുമ്പോ ശേഷമോ കൃത്യമായ ഒരു വിവരവും കാനഡ അറിയിച്ചിട്ടില്ല.

വിഷയത്തില്‍ കാനഡ കൈമാറുന്ന ഏത് വിവരവും പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍ ഇതുവരെ കാനഡയില്‍ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

കാനഡയിലുള്ള ചില വ്യക്തികളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കൃത്യമായ തെളിവുകള്‍ ഇന്ത്യ കനേഡിയന്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കോണ്‍സുലേറ്റിനും ഭീഷണിയുള്ളതിനാലാണ് കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ നടപടികള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതെന്നും സ്ഥിതിഗതികള്‍ നിരന്തരം അവലോകനം ചെയ്യുന്നുണ്ടെന്നും അരിന്ദം ബാഗ്ചി അറിയിച്ചു.

ഇന്ത്യയിലെ കാനേഡിയന്‍ ഹൈക്കമ്മീഷനിലെ നയതന്ത്രജ്ഞരുടെ എണ്ണം കുറയ്ക്കാനും ഇന്ത്യ നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് ഓരോ രാജ്യത്തിന്റെയും കോണ്‍സുലേറ്റിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് ആതിഥേയ രാജ്യത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.